നേപ്പാൾ പ്രളയം: കുടുങ്ങിയ മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ CM ഓഫീസിനെ അറിയിക്കാം

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ വിനോദ സഞ്ചാരികളായ മലയാളികളെ കാണാതായതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രിയുടെ ഓഫീസ്. നേപ്പാളിലെ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.
മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി ശേഖരിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കാണാതായെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ 1070ല്‍ അറിയിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. പേര്, യാത്ര ചെയ്ത തീയതി, പ്രളയ ബാധിത പ്രദേശത്തെത്തിയ തീയതി, അവസാനം ബന്ധപ്പെടാന്‍ സാധിച്ച തീയതി, മൊബൈല്‍ നമ്പര്‍ , യാത്രാ ഏജന്‍സിയുടെ പേര് – വിവരങ്ങൾ, എന്നിവ അറിയിക്കണമെന്നാണ് നിർദേശം. ലഭിക്കുന്ന വിവരങ്ങള്‍ നേപ്പാള്‍ സര്‍ക്കാരിന് കൈമാറുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.




