Uncategorized

ഓപ്പറേഷൻ തൂഫാന് രാഷ്ട്രീയം ഇല്ല, മയക്കുമരുന്നിനെതിരായ പൊരുതലിൽ കൈകോർക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്) സംഘടിപ്പിച്ച ‘തകൃതോണം’ കൊടുങ്ങല്ലൂർ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാന് യാതൊരുവിധ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും, പുതുതലമുറയെ വഴിതെറ്റിക്കുന്ന മരണത്തിന്റെ വ്യാപാരികൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

രാസലഹരിയിൽ അടിപ്പെട്ടുപോയാൽ പിന്നീട് ഒരു മോചനം എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓപ്പറേഷൻ തൂഫാന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നുമാണ്. കുടുംബത്തിലെ വേദനകളും പ്രയാസങ്ങളും ഏറ്റവും കൂടുതൽ നേരിട്ടറിയുന്നത് അവരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെറും 76 ദിവസങ്ങൾക്കുള്ളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10,000-ത്തിൽ അധികം പേരെ അറസ്റ്റ് ചെയ്യുകയും 9,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

നൂറിലധികം മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതിനൊപ്പം നിരവധി കുറ്റവാളികൾക്കെതിരെ ‘കാപ്പ’ ചുമത്തുകയും ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടാൽ കേരളത്തിന്റെ അതിർത്തിക്കുള്ളിൽ രാസലഹരി കടന്നുവരില്ലെന്ന നിശ്ചയദാർഢ്യം നമുക്കുണ്ടാകണം. ഇത്തവണത്തെ ഓണാഘോഷങ്ങൾ ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തി ‘തൂഫാൻ ഓണം’ ആയി കൊണ്ടാടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button