കരുതലായി: ദുബായിലെ ഡെലിവറി റൈഡർമാർക്ക് ഭക്ഷണം വിതരണം ചെയ്ത് ആർടിഎ

ദുബായിലെ ഡെലിവറി റൈഡർമാർക്ക് ഭക്ഷണം വിതരണം ചെയ്ത് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. യുഎഇ ഫുഡ് ബാങ്കും ഡെലിവറൂവും സഹകരിച്ചാണ് ഭക്ഷണ വിതരണം നടത്തിയത്. ദുബായിലെ വിവിധ മേഖലകളിലെ ബസ്, മെട്രോ സ്റ്റേഷനുകളിൽ ഡെലിവറി റൈഡർമാർക്കായി ഒരുക്കിയ താൽക്കാലിക വിശ്രമ കേന്ദ്രങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്.
23 കേന്ദ്രങ്ങളിലായി ദിവസേനയാണ് ഭക്ഷണ വിതരണം നടന്നത്. ഡെലിവറി റൈഡർമാരുടെ ദൈനംദിന സേവനങ്ങളെ ആദരിക്കുന്നതിനും സമൂഹത്തിന് അവർ നൽകുന്ന സംഭാവന അംഗീകരിക്കുന്നതിനുമാണ് നടപടി. ദുബായിയുടെ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായക സംഭാവന നൽകുന്ന മേഖലയാണ് ഡെലിവറി സർവീസ്. ഈ മേഖലയുടെ വളർച്ചയ്ക്കൊപ്പം പ്രവർത്തിക്കുന്ന റൈഡർമാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംരംഭം.
ഏറ്റവും കൂടുതൽ ഡെലിവറി റൈഡർമാർ ഉപയോഗിക്കുന്ന ബസ്, മെട്രോ സ്റ്റേഷനുകളാണ് ഭക്ഷണ വിതരണത്തിനായി തെരഞ്ഞെടുത്തത്. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച താമസ-തൊഴിൽ നഗരമായി നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് ആർ.ടി.എ വ്യക്തമാക്കി.




