Uncategorized

പിണറായി വൈദ്യുതി മന്ത്രിയായ കാലം മുതലുള്ള അഴിമതിപ്പണം ഒളിപ്പിക്കാൻ വീണയുടെ കമ്പനികളെ ഉപയോഗിച്ചെന്ന് ഷോൺ ജോർജ്: ‘ഇഡിയുമായി ബന്ധപ്പെട്ടിട്ടില്ല’

കോട്ടയം: പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്ജ്. പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും ആരോപിച്ചു.

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും അന്വേഷണം തികച്ചും ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് പറയാൻ വീണ ഇതുവരെ തയ്യാറായിട്ടില്ല. കമ്പനിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിക്കാൻ ഇവർ തയ്യാറായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ ഏജൻസിയായ ഇ.ഡിയുമായി താൻ ഒരു ഘട്ടത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും, മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലൂടെയാണ് അന്വേഷണ പുരോഗതി അറിയുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഹവാല മാർഗ്ഗം പണം കടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ വിഷയത്തിൽ സിപിഎം നേതൃത്വം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ തയ്യാറാകണം. ഇത് കേവലം സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല, ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച ഷോൺ ജോർജ്ജ്, എന്നാൽ ഇപ്പോൾ നടക്കുന്നത് റിയാസിനെതിരായ റെയ്‌ഡല്ലെന്നും, വീണ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണമെന്നും വ്യക്തമാക്കി. ഒരു സേവനവും നൽകാതെ മകൾക്ക് കോടികൾ പണം നൽകിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് മുൻപ് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വിവരങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button