തൊടുപുഴയിൽ വിദ്യാർഥിക്ക് നേരെ കൊടുംക്രൂരത; ജനനേന്ദ്രിയം സഹപാഠികൾ മർദിച്ച് തകർത്തു

ലഹരി ഉപയോഗം കോളേജ് അധികൃതരെ അറിയിച്ചതിന് പിന്നാലെ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദിച്ച് തകർത്തു. തൊടുപുഴ ഗ്രാൻഡിസ് മൊബൈൽ ടെക്നോളജി കോളേജിൽ പഠിക്കുന്ന അണക്കര സ്വദേശിക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ഹോസ്റ്റലിലെ ലഹരി ഉപയോഗം കോളെജ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനാണ് കൊടും ക്രൂരത പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് ഹോസ്റ്റൽ മുറിയിൽ മർദിക്കുകയായിരുന്നു. ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയം മർദനത്തിൽ തകർന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് കുട്ടി മർദന വിവരം പുറത്തു പറയുന്നത്. ഓഗസ്റ്റ് 10 ന് നടന്ന സംഭവത്തിൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് കുട്ടി പറയുന്നു.
ലഹരി ഉപയാഗത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി നൽകിയിട്ടും അധികൃതർ നടപടി എടുത്തില്ലെന്നും വിദ്യാർഥി ആരോപിച്ചു. കേസിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്തയാളെ ജ്യുവനൈൽ ജസ്റ്റീസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. മറ്റ് കൂട്ടുപ്രതികളെ ഇതുവരെ പിടി കൂടിയിട്ടില്ല.




