Uncategorized

കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. രണ്ട് ദിവസം കുട്ടിക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പടനായര്‍കുളങ്ങര തെക്ക് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനാണ് പന്ത്രണ്ട് വയസുകാരനായ ബിലാല്‍. ശനിയാഴ്ച വൈകീട്ട് മുതലായിരുന്നു വിദ്യാര്‍ത്ഥിയെ കാണാതായത്. ഫുട്‌ബോള്‍ കളിക്കുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ബിലാല്‍. വൈകിയും കുട്ടി വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും സൈക്കിളും ചെരിപ്പും കണ്ടെത്തി. തുടര്‍ന്ന് കുടുംബം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ നിന്ന് അഗ്നിശമന വിഭാഗം സ്ഥലത്തെത്തുകയും കന്നേലി കായലില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. കൊല്ലത്തുനിന്നുള്ള സ്‌കൂബാ ടീമും മുങ്ങല്‍ വിദഗ്ധരും അഗ്നിശമന സേനയും അടക്കം നടത്തിയ തിരച്ചിലിലാണ് കൊതുമുക്ക് പാലത്തിനടിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. പടനായര്‍കുളങ്ങര തെക്ക് ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ബിലാല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button