നാലരക്കോടി ഫണ്ട് വിനിയോഗം: BJPയെ വെട്ടിലാക്കി നടത്തിയ വെളിപ്പെടുത്തലിൽ നിന്ന് മലക്കം മറിഞ്ഞ് പി സി ജോര്‍ജ്

തിരുവനന്തപുരം: പൂഞ്ഞാറില്‍ നാലരക്കോടി രൂപ ചെലവഴിച്ചെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് പി സി ജോര്‍ജ്. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെ ഒരു സംഭവമുണ്ടായില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. എരുമേലിയിലെ ഒന്നിലധികം പ്രവര്‍ത്തകര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ വെളിപ്പെടുത്തിയത്. പിന്നീട് അന്വേഷിച്ചപ്പോള്‍ ശുദ്ധ അസംബന്ധമാണെന്ന് മനസിലായെന്നും പി സി ജോര്‍ജ് റിപ്പോർട്ടറിനോട് പറഞ്ഞു.
‘ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ഞാന്‍ ആരോടും വാങ്ങിയിട്ടുമില്ല, കൊടുത്തിട്ടുമില്ല. പാര്‍ട്ടിക്കുള്ളിലെ കുശുമ്പന്മാരാണ് ഈ വൃത്തികെട്ട പ്രചരണമുണ്ടാക്കിയത്. എരുമേലിയിലെ പ്രസംഗത്തിന് ശേഷം ബിജെപി ഔദ്യോഗികമായി കണക്ക് നല്കി. നാലരക്കോടി എന്നത് തെറ്റായ കണക്കാണ്. എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. ഒരു കാരണവശാലും ആ രീതിയില്‍ പ്രചരണം നടത്തുന്നത് ശരിയല്ല. പച്ചക്കള്ളമാണ്. സജി കുരിക്കാട് സത്യസന്ധനായ അധ്യാപകനാണ്. ആരോടും ഒരു പണം പോലും വാങ്ങില്ല. അയാളൊന്നും വൃത്തികേട് ചെയ്യില്ല’, പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.




