Uncategorized

സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റുക പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച ‘റീസർജ് – സെയ്ഫ് വിമൺ, സെയ്ഫ് കേരള – ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ രാത്രികാല വനിതാ സംഗമം പാളയം കണ്ണിമോറ മാർക്കറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് തലസ്ഥാന നഗരിയിൽ സ്ത്രീകൾ ഒത്തുചേരുന്നത് സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ മാറ്റത്തിനും സാമൂഹിക സാമ്പത്തിക വികസനത്തിനും കൃത്യമായ പങ്കുവഹിക്കാൻ തങ്ങൾക്കുണ്ടെന്ന വലിയ പ്രഖ്യാപനമാണ് ഈ ഒത്തുചേരൽ. ഒരു പുതുയുഗ കേരളം കെട്ടിപ്പടുക്കാൻ സ്ത്രീകളുടെ സംഭാവന നിസ്തുലമാണ്. അതിനായി സർക്കാരിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം. കേരളത്തിലെ എല്ലാ സ്ത്രീകളെയും സ്വയം പര്യാപ്തരാക്കുക എന്നതും ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ കണ്ടെത്തി വരുമാനം ഉണ്ടാക്കാൻ സാഹചര്യമൊരുക്കുക എന്നതുമാണ് പുതുയുഗ കേരളത്തിന്റെ സ്വപ്നമെന്നും, അതിന്റെ തുടക്കമായി ഈ സംഗമം മാറട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും അവകാശങ്ങളും യാഥാർത്ഥ്യമാക്കാനും അടുക്കളയിൽ നിന്ന് പൊതുയിടങ്ങളിലേക്ക് സ്ത്രീകളെ നയിക്കാനും നിരന്തരമായ പോരാട്ടങ്ങളാണ് നടന്നിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. എല്ലാ അവകാശങ്ങളിലും മുൻപന്തിയിലുള്ള കേരളത്തിലും സ്ത്രീകൾക്ക് രാത്രികൾ പലപ്പോഴും അന്യമാണ്. രാത്രികളും സ്ത്രീകൾക്ക് കൂടിയുള്ളതാണെന്ന പ്രഖ്യാപനമാണ് ഈ പരിപാടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button