ഡിജിറ്റല്‍ അറസ്റ്റില്‍ കുടുങ്ങി 90കാരനായ മുന്‍ ജഡ്ജിയും; നഷ്ടമായത് രണ്ടര കോടി രൂപ

ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും. ഗണപത് സിംഗ് ഭണ്ഡാരി എന്നയാളാണ് തട്ടിപ്പിനിരയായത്. 15 ദിവസങ്ങളോളം ഡിജിറ്റല്‍ അറസ്റ്റ് ‘കെണി’യില്‍ കുടുക്കിയ ഭണ്ഡാരിയില്‍ നിന്ന് രണ്ടര കോടിയോളം രൂപയാണ് പ്രതികള്‍ തട്ടിയത്. സിബിഐ ഉദ്യോഗസ്ഥനായും ആര്‍ബിഐ മാനേജറായും ചമഞ്ഞായിരുന്നു തട്ടിപ്പ് . ഭണ്ഡാരിയുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമം നടന്നതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഭണ്ഡാരിയുടെ അനന്തരവന് രവീന്ദ്രസിംഗ് മോഹ്നോട്ട് നൽകിയ പരാതിയിൽ ജയ്പുരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലൈ 28 നാണ് തട്ടിപ്പുകാർ ഭണ്ഡാരിയുമായി ബന്ധപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. പൊലീസ് യൂണിഫോം ധരിച്ച ഒരാള്‍ വാട്സ്ആപ്പ് വീഡിയോ കോളില്‍ വിളിക്കുകയും താന്‍ മുംബൈ പൊലീസാണെന്ന് സ്വയം ഭണ്ഡാരിയെ പരിചയപ്പെടുത്തുകയുമായിരുന്നു.




