Uncategorized

എലത്തൂര്‍ കൊലപാതക കേസ്: പ്രതി ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: എലത്തൂര്‍ കൊലപാതക കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വേങ്ങേരി സ്വദേശി വൈശാഖന്‍ (35) ആണ് ആത്മഹത്യ ചെയ്തത്. തടമ്പാട്ട്താഴം വീട്ടിലാണ് വൈശാഖനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വൈശാഖൻ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. യുവതിയെ കൊലപ്പെടുത്തി പീഡിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്.

ജനുവരി 24നാണ് മാളിക്കടവിലെ വര്‍ക്ക്‌ഷോപ്പില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു 26കാരിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാല്‍ എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്.യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്നായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാല്‍ പൊലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇന്‍ഡസ്ട്രി സീല്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.

മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നല്‍കിയതിന് ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. വൈശാഖനും യുവതിയും തമ്മില്‍ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായ വൈശാഖന്‍ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തില്‍ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ താന്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ഷോപ്പിലേക്ക് വൈശാഖന്‍ വിളിച്ചുവരുത്തി. ഇരുവരും ഒരുമിച്ച് കയര്‍ കെട്ടി. യുവതി കയറില്‍ കുരുക്കിട്ട ഉടന്‍ വൈശാഖന്‍ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം വൈശാഖന്‍ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

അന്വേഷണത്തിനിടെ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന യുവതിയുടെ അവസാന സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാല്‍ അതിന് കാരണം വൈശാഖന്‍ ആയിരിക്കുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തില്‍ യുവതി പറഞ്ഞത്. മരിക്കുന്ന ദിവസം രാവിലെയായിരുന്നു ഈ സന്ദേശം യുവതി സൈക്കോളജിസ്റ്റിന് അയച്ചത്. 16 വയസ് മുതല്‍ താന്‍ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button