അര്‍ജന്റീന ടീമിന്റെ വരവില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല: പിണറായി വിജയൻ

കൊച്ചി: ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെയും മെസ്സിയും കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ നിലവില്‍ ഉന്നയിക്കുന്ന രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അന്നത്തെ കായികമന്ത്രിയെന്ന നിലയില്‍ വി അബ്ദുറഹ്മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രിക്ക് സ്‌പെയിനില്‍ പോകുന്നതിന് കരാര്‍ വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
‘ഒരു ഘട്ടത്തില്‍ മെസ്സിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതിന്റെ ഭാഗമായി ടീമിന് ഇവിടേക്ക് വരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ചില നടപടികള്‍ ഉണ്ടായിട്ടുണ്ട്. ആ കാര്യങ്ങള്‍ അന്ന് മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത അബ്ദുറഹിമാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പറയുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടില്ല. വരണം എന്ന് പൊതുവില്‍ നാട് ആഗ്രഹിച്ചിരുന്നു. വരുന്നതിനെ സ്വാഗതം ചെയ്തിരുന്നു. പക്ഷെ അവരുടേതായ കാരണങ്ങള്‍ വരാന്‍ കഴിഞ്ഞില്ലെന്നതാണ് സംഭവിച്ചത്’, പിണറായി വിജയന്‍ പറഞ്ഞു.
നാട്ടിലാകെ വല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിന് എന്താണ് അന്വേഷിക്കേണ്ടത് എന്നുവെച്ചാല്‍ അന്വേഷിക്കട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനിലെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത സര്‍ക്കാര്‍ തന്നെ പൂഴ്ത്തിവെയ്ക്കുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സോഷ്യല്‍മീഡിയയില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മെറ്റ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നത് പരാമര്‍ശിച്ചാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.




