Uncategorized

പിഎസ്‌സി സമരം ഏറ്റെടുത്ത് താരങ്ങള്‍; പിന്തുണയറിയിച്ച് ടൊവിനോ, നസ്ലെന്‍, ചന്തു സലീംകുമാര്‍ തുടങ്ങിയവര്‍

കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ടൊവിനോ തോമസ്, നസ്ലെന്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് രംഗത്ത് വന്നിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ സമര വീഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചിരിക്കുന്നത്.

സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നവര്‍ക്കാണ് പിന്തുണ പ്രഖ്യാപിച്ച് താരങ്ങള്‍ എത്തിയിരിക്കുന്നത്. ദേശീയ തലത്തിലെ പ്രശ്‌നങ്ങളില്‍ മാത്രം ശബ്ദമുയര്‍ത്തിയാല്‍ പോരെന്ന് നടന്‍ ചന്തു സലിംകുമാറും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സ്വന്തം നാട്ടിലെ ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കരുതെന്നും ചന്തു പറഞ്ഞു. ടൊവിനോ തോമസ് പങ്കുവെച്ച വിഡിയോ തന്നെയാണ് നസ്ലെനും പങ്കുവെച്ചിരിക്കുന്നത്.

ഡല്‍ഹി സമരത്തിന് പിന്നാലെയാണ് പിഎസ്‌സി സമരത്തിനും താര പിന്തുണ ഏറുന്നത്. വിഷയത്തില്‍ പ്രതികരണവുമായി രഞ്ചിനി ഹരിദാസും രംഗത്ത് വന്നിരുന്നു. പിഎസ്‌സി റാങ്ക് ജേതാക്കളുടെ സമരത്തെക്കുറിച്ച് സംസാരിക്കുമോയെന്ന് ചോദിച്ച് തനിക്ക് നിരന്തരം സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും സംസാരിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും രഞ്ജിനി പറഞ്ഞു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്‍പ്പെടെ വിവരങ്ങള്‍ ആവശ്യമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി. ‘ഓണ്‍ലൈനില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രതിഷേധത്തിന്റെ ഭാഗമായ ആരോടെങ്കിലും നിലവിലെ സാഹചര്യത്തെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കുമോ?’, എന്നായിരുന്നു രഞ്ജിനി കുറിച്ചത്. വിഷയത്തില്‍ ലിയോണ ലിഷോയ്, ദീപ തോമസ് എന്നിവരും പിന്തുണ നല്‍കി രംഗത്ത് വന്നിട്ടുണ്ട്.

ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിന് താര പിന്തുണ ഏറിയതോടെയാണ് കേരളത്തിലെ പിഎസ്‌സി സമരത്തെക്കുറിച്ചും ചര്‍ച്ച സജീവമായത്. പ്രത്യേക വിഷയത്തില്‍ മാത്രം പ്രതികരിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ വിഷയങ്ങലില്‍ നിലപാട് സ്വീകരിക്കണമെന്നായിരുന്നു ചര്‍ച്ചകള്‍. പിന്നാലെയാണ് പിഎസ്‌സി വിഷയത്തിലും പിന്തുണയുമായി താരങ്ങള്‍ എത്തിയിരിക്കുന്നത്. മുമ്പ് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്ന് അടക്കം പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button