പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ച് സിജെപി

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ച സിജെപി ഡല്‍ഹി ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് പ്രതിഷേധക്കാര്‍ നിലപാട് കടുപ്പിച്ചിരുന്നു. 50 ദിവസത്തോളം പിന്നിട്ട സമരത്തിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന് രാജിക്ക് സന്നദ്ധനായത്.
സമരത്തിനെത്തിയ പ്രതിഷേധക്കാര്‍ തന്നെ സമരവേദി പൊളിക്കുകയും ശുചീകരണം പ്രവര്‍ത്തനം നടത്തുകയുമാണ്. സിജെപിയുടെ പ്രതിനിധിയായ ഒരു വ്യക്തി ഇപ്പോഴും ജന്തർ മന്തറിൽ തുടരുകയാണ്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെല്ലാം മടങ്ങുന്നതുവരെ താന്‍ ഇവിടെ തന്നെ തുടരുമെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത ഇടത്തെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത ശേഷം തിരികെ മടങ്ങുക എന്ന പ്രതിജ്ഞയെടുത്താണ് യുവാക്കള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സിജെപി നേതൃത്വത്തിൽ പാർലമെൻ്റിലേയ്ക്ക് നടന്ന മാർച്ചിനെതിരെ പൊലീസ് ശക്തമായ ആക്രണം അഴിച്ച് വിട്ടതോടെയാണ് സമരത്തിൻ്റെ രൂപം മാറുന്നത്. മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഡല്‍ഹി പൊലീസ് കണ്ണീര്‍വാതകവും ബാറ്റണുകളും ഉപയോഗിച്ചതോടെ പ്രതിഷേധം കനത്തു. ഇതിന് പിന്നാലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് പരീക്ഷാ ചോർച്ചയിൽ അടക്കം ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് സമരം തണുപ്പിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
എന്നാൽ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ സിജെപി നേതാക്കൾ ഉറച്ചുനിന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടുഘട്ടങ്ങളായാണ് സര്‍ക്കാര്‍ സിജെപിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ആയിരുന്നില്ല. ശനിയാഴ്ച മൂന്നാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന് രാജിവച്ചത്.




