Uncategorized

പയ്യന്നൂരില്‍ ഷെഡ്ഡിന് തീയിട്ട സംഭവം; ‘മാധ്യമ ശ്രദ്ധ കിട്ടാന്‍ നടത്തുന്ന നാടകം’, ആരോപണം തള്ളി ടി ഐ മധുസൂദനന്‍

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കഞ്ഞികൃണന്റെ അനുഭാവി ചെമ്മീന്‍ കൃഷിക്കായി നിര്‍മിച്ച ഷെഡ്ഡ് തീയിട്ട് നശിപ്പിച്ചത് തന്റെ അറിവോടെയാണെന്ന ആരോപണത്തില്‍ മറുപടിയുമായി ടി ഐ മധുസൂദനന്‍. പയ്യന്നൂരില്‍ കാണുന്നത് വ്യക്തിവിദ്വേഷത്തിന്റെ രൂക്ഷമായ ഭാവങ്ങളെന്നാണ് മധുസൂദനന്റെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസത്തെ അക്രമ സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രധാന ചാനലുകള്‍ക്ക് ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത് ഒരാള്‍ നടത്തിയ ആദ്യ പ്രതികരണം തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ്. വര്‍ഷങ്ങളായി കൊണ്ട് നടക്കുന്ന അടങ്ങാത്ത പക അവസരം കിട്ടുമ്പോള്‍ എല്ലാം ഉപയോഗിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിയെ അടര്‍ത്തിമാറ്റി ആക്രമിക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ടി ഐ മധുസൂദനന്റെ ആളുകള്‍ എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗമെന്നും ആരോപണമുണ്ട്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഒരു സംഭവം നടന്നയുടന്‍ അതിനു പിന്നില്‍ താനാണെന്ന് പരാതിക്കാരന്‍ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മാധ്യമ ശ്രദ്ധ കിട്ടാന്‍ നടത്തുന്ന നാടകങ്ങളുടെ തുടര്‍ച്ചയാണ് പയ്യന്നൂരില്‍ കണ്ടതെന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു.ഇന്നലെയാണ് പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ ഷെഡ്ഡിന് തീയിട്ടതായി പരാതി ഉയര്‍ന്നത്. ഇയാള്‍ ചെമ്മീന്‍ കൃഷിയുടെ ഭാഗമായി നിര്‍മിച്ചിരുന്ന ഷെഡ്ഡിനായിരുന്നു തീയിട്ടത്. ടി പുരുഷോത്തമന്‍ എന്നയാളുടെ ഷെഡ്ഡിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം സിപിഐഎമ്മിനെതിരെ പുരുഷോത്തമന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പയ്യന്നൂര്‍ മുല്‍ എംഎല്‍എ ടിഐ മധുസൂദനന്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെ ഉണ്ടായ കൊലവിളികളില്‍ പ്രതികരിച്ചാണ് പോസ്റ്റ് ഇട്ടതെന്ന് പുരുഷോത്തമന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലയാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. മുന്‍പ് വീടിന്റെ ചില്ലടക്കം വാളുപയോഗിച്ച് തകര്‍ത്തിരുന്നതായും ടി ഐ മധുസൂദനന്റെ ആറിവോടെയാണ് ആക്രമണം നടന്നതെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.
ടി ഐ മധുസൂദനന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അമ്പത് വര്‍ഷത്തോളമായി പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സിപി ഐഎം
പ്രവര്‍ത്തകനാണ് ഞാന്‍ . ബാലസംഘം തൊട്ട് പയ്യന്നൂര്‍ കേന്ദ്രമാക്കി ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു വരികയാണ് .
പൊതു പ്രവര്‍ത്തകര്‍ക്കു നേരെ ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്ന് ജനമധ്യത്തില്‍ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയത്തില്‍ അസാധാരണ സംഭവമൊന്നുമല്ല .
പക്ഷേ കുറച്ചു വര്‍ഷങ്ങളായി പയ്യന്നൂരില്‍ കാണുന്നത് വ്യക്തി വിദ്വേഷത്തിന്റെ ഏറ്റവും രൂക്ഷമായ
ഭാവങ്ങളാണ് .
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എട്ട് മാസം മുമ്പു തന്നെ ഫേക്ക് ഐഡികള്‍ വഴി എനിക്കെതിരെ വിദ്വേഷ പ്രചരണം ആരംഭിച്ചത് കൃത്യമായ പദ്ധതിയുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു .
നൂറുകണക്കിന് ഫേക്ക് ഐഡികളില്‍ നിന്ന് കമന്റുകള്‍ പല പോസ്റ്റുകള്‍ക്കടിയിലും വന്നു . സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും വ്യാജവും ഒറിജിനലുമായ ഐഡികളില്‍ നിന്ന് കമന്റു ചെയ്യിപ്പിക്കാന്‍ വിപുലമായ നെറ്റ് വര്‍ക്കുകള്‍ തന്നെ പ്രവര്‍ത്തിച്ചു .പൊതുമണ്ഡലത്തിലുയര്‍ന്നുവരുന്ന സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിന്നും ഇടപെടലുകളില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വ്യക്തിയെ അടര്‍ത്തിമാറ്റി ആക്രമിക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രം . ടി. ഐ മധുസൂദനന്റെ ആളുകള്‍ എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം .
കഴിഞ്ഞ ദിവസം അയാള്‍ക്കു മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്ന എന്റെ Al ഫോട്ടോ നിര്‍മ്മിച്ച് പ്രകോപന മുണ്ടാക്കും വിധമുള്ള പ്രതികരണം ഫേസ് ബുക്കില്‍ നടത്തിയത് ബോധപൂര്‍വ്വമാണെന്ന് തിരിച്ചറിയാനുള്ള വിവേകം പയ്യന്നൂരിലെ പൊതു സമൂഹത്തിനുണ്ട് .
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഒരു സംഭവം നടന്നയുടന്‍ അതിനു പിന്നില്‍ ഞാനാണെന്ന് ഇദ്ദേഹ0 പ്രസ്താവിക്കുന്നത് .
മാധ്യമ ശ്രദ്ധ കിട്ടാന്‍ നടത്തുന്ന നാടകങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ പയ്യന്നൂരില്‍ കണ്ടത്
ഇതുകൊണ്ടെല്ലാം തളര്‍ത്തിക്കളയാമെന്ന് കരുതുന്നതില്‍ പരം മൂഢത്വം വേറെയുണ്ടോ .
ഞങ്ങളെ , പയ്യന്നൂരിലെ സി.പി.ഐ എമ്മിന്റെ മുന്‍നിര പ്രവര്‍ത്തകരെ ഈ നാടിന് നന്നായി അറിയാം.
നേര്‍ വഴിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നു വന്നവരാണ് ഞങ്ങളെല്ലാം
കുറച്ചുകാലം കൂടി നിങ്ങള്‍ വ്യാജ ഐഡി കള്‍ വഴിയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ വിഷം വമിപ്പിക്കുന്ന പ്രവര്‍ത്തനം തുടരുമെന്നറിയാം .
പക്ഷേ എക്കാലവും
അത് സാധിക്കുമെന്ന് കരുതരുത് . അത് വ്യാമോഹമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button