Uncategorized

കണ്ണൂർ പയ്യാമ്പലത്തെ സർക്കാർ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം; സ്കൂൾ ബസും ഓഫീസും അടിച്ചുതകർത്തു

കണ്ണൂർ പയ്യാമ്പലത്തെ സർക്കാർ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. സ്കൂളിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഒരു വശത്തെ ചില്ലുകൾ പൂർണമായും തകർത്ത നിലയിലാണ് കണ്ടെത്തിയത്. ബസിനകത്തും പുറത്തുമായി ചില്ലുകഷണങ്ങൾ ചിതറിക്കിടക്കുകയും ബസിനകത്ത് കല്ലുകൾ കണ്ടെത്തുകയും ചെയ്തു.
സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ഓഫീസിന്റെ വാതിലിലെ ഗ്ലാസും തകർത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ പി.എസ്.സി. പരീക്ഷ നടക്കാനിരുന്നതിനാൽ ജീവനക്കാരും അധ്യാപകരും രാവിലെ ആറുമണിയോടെ സ്കൂളിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്കൂൾ പ്രധാനാധ്യാപകൻ വി. കെ. അബ്ദുൽ റഹ്മാൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെ. സുധാകരൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി ഈ വർഷം മാർച്ച് 9-നാണ് സ്കൂളിന് പുതിയ ബസ് കൈമാറിയത്. അതാണ് സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button