കീഴ്പ്പള്ളി ചതിരൂർ നീലായിൽ കാട്ടാനക്കൂട്ടമിറങ്ങി മുന്നൂറോളം വാഴകൾ നശിപ്പിച്ചു കാട്ടാനയുടെ മുന്നിൽ പെട്ട വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇരിട്ടി: ആറളം വനമേഖലയിൽ ആനകളെ പ്രതിരോധിക്കാനായി നിർമ്മിച്ച തൂക്കുവേലി മറികടന്നെത്തിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ചതിരൂർ നീലായിൽ ഇറങ്ങിയ കാട്ടാനക്കൂട്ടമാണ് മേഖലയിൽ വ്യാപക നാശനഷ്ടം വരുത്തിയത്.
നീലായിലെ തോമസ് കുറ്റാരപ്പള്ളിയുടെ വീട്ടുപറമ്പിലെ കുലച്ചതും വിളവെടുക്കാൻ പാകമായതുമായ ഏകദേശം 300 വാഴകൾ കാട്ടാനക്കൂട്ടം പൂർണമായും നശിപ്പിച്ചു. പുലർച്ചെ 5.30ഓടെയാണ് വീട്ടുകാർ ആനയെത്തിയ വിവരം അറിഞ്ഞത്. തുടർന്ന് സമീപവീടുകളായ ഓലക്കൽ അപ്പച്ചന്റെയും കൂറ്റനാൽ തങ്കച്ചന്റെയും വീട്ടുപറമ്പുകളിലും ആനയെത്തി. പുലർച്ചെ ആറുമണിയോടെ പശുത്തൊഴുത്തിലേക്ക് പോയ തങ്കച്ചനും ഭാര്യ സിന്ധുവും ആനയുടെ മുന്നിൽ പെട്ട് തിരിഞ്ഞോടുന്നതിനിടെ സിന്ധുവിന്റെ നേരെ കുതിച്ച ആന വീട്ടുമുറ്റം വരെ എത്തിയെങ്കിലും പിന്നീട് പിന്മാറി. സിന്ധു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
തുടർന്ന് നാട്ടുകാർ ഒത്തുചേർന്ന് പടക്കം പൊട്ടിച്ചും പാത്രങ്ങൾ കൊട്ടിയും ശബ്ദമുണ്ടാക്കിയാണ് ആനയെ തുരത്തിയത്.
പരിപ്പുതോട്–നീലായ്–ചതിരൂർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഒരാഴ്ച മുൻപ് ഇതേ പ്രദേശത്ത് എത്തിയ കാട്ടാനക്കൂട്ടം 200 ഓളം വാഴകൾ നശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച എത്തിയ കാട്ടാന തോമസ് കുറ്റാരപ്പള്ളിയുടെ വീട്ടുപറമ്പിലെ കയ്യാലയും തകർത്തു.
കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വനാതിർത്തിയിൽ ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ച സോളാർ വൈദ്യുതി വേലിയിൽ നിലവിൽ വൈദ്യുതി പ്രവഹിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ ദിവസം നാട്ടുകാരുടെനേതൃത്വത്തിൽ വേലിയുടെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിച്ചെങ്കിലും വേലി പ്രവർത്തനരഹിതമാണെന്ന വിവരം. അതേസമയം, വാളത്തോട് മുതൽ നീലായ് വരെ നാലര കിലോമീറ്റർ നീളത്തിൽ തൂക്കുവേലി നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.




