സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരത; കോൺഗ്രസ് പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ വി എം സുധീരൻ

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെ ഇന്ത്യന്‍ ജനതയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളെ സാമാന്യ മര്യാദ പോലും പാലിക്കാതെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത മോദി ഭരണകൂടത്തിന്റെ നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും അത്യന്തം പ്രതിഷേധാര്‍ഹമായ ആ ഫാസിസ്റ്റ് നടപടിയെ അതിശക്തമായി അപലപിക്കുകയാണെന്നും വി എം സുധീരന് പറഞ്ഞു. ജനവിരുദ്ധ നീക്കങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ച മോദി ഭരണകൂടത്തിന്റെ അന്ത്യത്തിന്റെ ആരംഭമാണ് കുറിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗമുണ്ടായി. രാഹുല്‍ ഗാന്ധി പിടിവലിക്കിടെ നിലത്തുവീണു. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. രാഹുലിന്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘ഇതാണ് ഇന്ത്യയിലെ ജനാധിപത്യം’ എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുൽ ഗാന്ധിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അഖിലേഷിനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പ്രിയങ്കാ ഗാന്ധിയെയും ബലംപ്രയോഗിച്ചാണ് നീക്കിയത്. കേന്ദ്രസര്‍ക്കാരിനോട് പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിക്കണം, വിദ്യാഭ്യാസ മന്ത്രി ഉടന്‍ രാജിവയ്ക്കണം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണം, പാര്‍ലമെന്റ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ.



