Uncategorized

ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മലപ്പുറം: ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ തൊപ്പി എന്ന നിഹാദിന്റെ മുന്‍ കൂട്ടാളി മുഹമ്മദ് എന്ന മമ്മുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു. നിലവില്‍ പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മമ്മു.

ജൂണ്‍ പത്താം തീയതി രാത്രി പത്ത് മണി മുതല്‍ നാല് മണിക്കൂര്‍ നീണ്ട യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്. തൊപ്പി പലകാലങ്ങളിലായി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ യുവതിയെ ചേര്‍ത്ത് മമ്മു പറയുകയായിരുന്നു. ഇതിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെയായിരുന്നു മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മമ്മുവിന് പുറമേ തൊപ്പി, ഷമീര്‍ എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമെതിരെയായിരുന്നു കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായ മറ്റൊരു പരാതി കൂടി ആലുവ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ പരാതിയില്‍ തൊപ്പിക്കും മമ്മുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. തൊപ്പി നിലവില്‍ ഒളിവിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button