‘ദേശാഭിമാനി മുഖ്യമന്ത്രി വായിക്കുന്നത് നല്ല കാര്യം, മറ്റു പത്രങ്ങളും വായിക്കണം, ഐടി വകുപ്പ് സംബന്ധിച്ചും പുകമറയുണ്ടാക്കി’; സതീശനെതിരെ പിണറായി

വയനാട്: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന്റെ വാദങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശാഭിമാനി പത്രത്തിലെ വാർത്ത പൊക്കി പിടിച്ചാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്ത സമ്മേളനം നടത്തിയത്. പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രക്ഷപെടാൻ ശ്രമം നടത്തുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. ഓഹരിക്കൈമാറ്റം സംബന്ധിച്ച് ദേശാഭിമാനിക്ക് മുൻകൂട്ടി അറിയാമെന്നാണ് സതീശന്റെ വാദം. ദേശാഭിമാനി മുഖ്യമന്ത്രി വായിക്കുന്നത് നല്ല കാര്യം. എന്നാൽ മറ്റു പത്രങ്ങളും വായിക്കുന്നത് നല്ലതാണെന്ന് പിണറായി പരിഹസിച്ചു. വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഓഹരിക്കൈമാറ്റം സംബന്ധിച്ച് മാതൃഭൂമി ജൂൺ മൂന്നിന് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. മറ്റു പത്രങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത മൂന്നോ നാലോ ദിവസം കഴിഞ്ഞ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. എക്കോണമിക്സ് ടൈംസിനും മാതൃഭൂമിക്കും ലഭിച്ച വാർത്ത ദിവസങ്ങൾ കഴിഞ്ഞ് ദേശാഭിമാനി നൽകിയത് ഉയർത്തി തെറ്റിദ്ധാരണ പരത്തുകയാണ് വിഡി സതീശനെന്ന് പിണറായി ആരോപിച്ചു. വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ആൾ തന്നെയാണ് ഐടി വകുപ്പ് ഏറ്റെടുക്കാറുള്ളത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് യുഡിഎഫിന് ബാധകമായ കാര്യം ആയിരിക്കുമെന്നും പിണറായി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അങ്ങനെ ആകണമെന്നില്ല. 2006 ൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഐടി വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഇകെ നായനാരുടെ കാലത്തും ഐടി വകുപ്പ് കൈകാര്യം ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തത് ഒറ്റപ്പെട്ട സംഭവമായി ചൂണ്ടികാണിക്കുകയാണ് വിഡി സതീശൻ ചെയ്ത്. ഇത്തരം രീതികൾ മുഖ്യമന്ത്രിക്ക് ചേർന്നത് ആണോ എന്ന് സ്വയം പരിശോധിക്കണമെന്ന് പിണറായി കുറ്റപ്പെടുത്തി. വയനാട്ടിലെ തുരങ്കപാതക്ക് വിരുദ്ധമായ സമീപനം നേരത്തെ പ്രതിപക്ഷ നേതാവിയിരുന്ന കാലത്തേ വിഡി സതീശന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.സർക്കാർ നടപ്പാക്കുന്ന ഏത് പദ്ധതിയും വൈകിപ്പിക്കാനുള്ള സമീപനം ആദ്യം ഉണ്ടാകും, പിന്നീട് അനുകൂലമായ രീതിയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. എന്നാൽ മുഖ്യമന്ത്രിമാർക്ക് അത് പറ്റില്ല- പിണറായി പറഞ്ഞു.



