ഉത്തര കന്നടയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേര് മരിച്ചു

ബംഗലൂരു: ഉത്തര കന്നടയില്‍ എംയുവി കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര കന്നടയിലെ യെല്ലാപ്പൂര്‍ താലൂക്കിലെ അരബൈല്‍ ഘട്ടിന് ഇന്ന് പുലര്‍ച്ചെ 1.30നായിരുന്നു അപകടം. ദേശീയ പാത 52ലാണ് അപകടമുണ്ടായത്. ധാര്‍വാഡ് സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ധാര്‍വാഡില്‍ നിന്ന് ധര്‍മസ്ഥലയിലേക്കും ചിക്മംഗ്ലൂരിലേക്കും യാത്ര വന്നവരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. അക്ഷയ്(26), അഭിഷേക് ഈശ്വര്‍(28), അഭിഷേക്(27), ബസപ്പ(38), മഞ്ജുനാഥ്(33), സഞ്ജീവ്(33) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ ചികിത്സയിലിരുന്ന ഒരാളും മരണപ്പെട്ടതായാണ് വിവരം. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്ത് എടുത്തത്.സഞ്ജീവ് എന്ന ആളാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ അമിത വേഗതയില്‍ അലക്ഷ്യമായാണ് ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്. വലത് വശത്ത് കൂടിയാണ് അമിത വേഗത്തിനെത്തിയ കാര്‍ അങ്കോളയില്‍ നിന്ന് വരുകയായിരുന്ന ട്രക്കില്‍ ഇടിക്കുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




