കാഞ്ഞങ്ങാട് സ്കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി

കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. രണ്ടാം നിലയ്ക്ക് മുകളിൽ മേഞ്ഞ ഷീറ്റുകളാണ് കാറ്റിൽ പറന്നു പോയത്. ആളപായമില്ല. രാത്രി എട്ട് മണിയോടെയാണ് അപകടം. മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം സ്കൂളിന് സമീപത്തെ മരത്തിനും തെങ്ങിനു മുകളിലുമാണ് പതിച്ചത്. അപകടകരമായ രീതിയിൽ മേൽക്കൂരയുടെ ഭാഗങ്ങൾ കുടുങ്ങി നിൽക്കുന്നതിനെ തുടർന്ന് ഇതിന് തൊട്ടടുത്തുള്ള കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി.
എട്ട് ക്ലാസ് മുറികളുള്ള രണ്ടാം നിലയിൽ വിഎച്ച്എസ് സി യുടെ സ്കിൽ ഡെവലപ്മെൻ്റ് വിഭാഗമാണ് പ്രവർത്തിക്കുന്നത്. സ്കൂൾ വളപ്പിലെ മരങ്ങളും തെങ്ങും കടപുഴകി വീണ്ടിട്ടുണ്ട്. കാറ്റിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായതിനെ തുടർന്ന് സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഷീറ്റുകൾ മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു.അതേസമയം ജില്ലയിൽ നാളെ യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നാളെ യെല്ലോ അലേർട്ട് ആണ്.




