സൗദിയില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന് നാട്ടിലേക്ക് മടങ്ങി

സൗദി അറേബ്യയിലെഅല്‍ ഖര്‍ജില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരന് നാട്ടിലേക്ക് മടങ്ങി. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് അസമിനായിരുന്നു പരിക്കേറ്റത്. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
മാര്‍ച്ച് എട്ടിന് ഇറാന് നിക്ഷേപിച്ച മിസൈലുകള്‍ സൗദി വ്യോമസംവിധാനങ്ങള്‍ അല്‍ ഖര്‍ജില്‍ പ്രതിരോധിക്കുന്നതിനിടെയാണ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചത്. സ്വകാര്യ കമ്പനിയുടെ ലേബര്‍ ക്യാമ്പിന് മുകളിലേക്ക് അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് ബംഗ്ലാദേശ് പൗരന്മാര് മരിക്കുകയും പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിങ് സൗദ് മോഡിക്കല്‍ സിറ്റിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ബോധം വീണ്ടുകിട്ടിയ ശേഷവും ദീര്‍ഘനാള്‍ വിദഗ്ധ ചികിത്സയിലായിരുന്നു അസം. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ സാബിര്‍ അല്‍ ഖര്‍ജിലെ സംഭവസ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
ആരോഗ്യനിലയില്‍ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് യാത്ര ചെയ്യാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ എംബസി നേരിട്ട് ഇടപെടുകയായിരുന്നു. ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെട്ടിട്ടില്ലാത്തതിനാല്‍ വീല്‍ചെയറിലാണ് അസമിന്റെ യാത്ര. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എംബസി അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥന് ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി എന്നിവര്‍ ചേര്‍ന്നാണ് അസമിനെ യാത്രയാക്കിയത്.




