Uncategorized

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്‌കാരങ്ങൾ; ബി അശോക് സർവകലാശാലകളിൽ നേരിട്ട് സന്ദർശനം നടത്തും

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കിടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടാന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്. വിസിമാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിന് പിന്നാലെ എല്ലാ സര്‍വകലാശാലകളിലും നേരിട്ട് സന്ദര്‍ശനം നടത്താനാണ് തീരുമാനം.

നാളെ കേരള സര്‍വകലാശാലയിലാണ് ആദ്യ സന്ദര്‍ശനം. സര്‍വകലാശാലയിലെ ഫയല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. അതേസമയം, സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടാന്‍ സെക്രട്ടറിക്ക് അധികാരമില്ലെന്നും ബി അശോകിന്റെ നീക്കം ചട്ടവിരുദ്ധമെന്നും ആരോപണം ഉയർന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. സര്‍വകലാശാല രജിസ്ട്രാര്‍മാരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.സര്‍വകലാശാലകളുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നായിരുന്നു വകുപ്പിന്റെ പ്രതികരണം. സെക്രട്ടറിയുടെ നടപടിയില്‍ ഒരു വിഭാഗം വിസിമാര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലാ ഭരണത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടാറില്ലെന്നതായിരുന്നു അമര്‍ഷത്തിന് കാരണം.

ഐഎഎസ് തലപ്പത്ത് യുഡിഎഫ് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അശോകിന് സംഘപരിവാര്‍ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button