Uncategorized

ചോര വാര്‍ന്നൊഴുകുന്നത് കണ്ടിട്ടും വീഡിയോ ചിത്രീകരിച്ചു’; പട്ടത്ത് അധ്യാപികക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടി കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റതില്‍ ഗുരുതര ആരോപണവുമായി കുടുംബം. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ആറ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഓടിച്ചതാണെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സഹായിക്കുന്നതിന് പകരം അധ്യാപിക ഏറെ നേരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനാണ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. ബാലാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം. പട്ടം സെന്റ്മേരീസ് സ്‌കൂളില്‍ നിന്ന് എല്‍ഐസി റോഡിലേക്ക് വരുന്ന വഴി വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിനിന്നിരുന്നു. ഇതറിഞ്ഞാണ് സ്‌കൂളിലെ ആറ് അധ്യാപകര്‍ ആവിടേക്ക് എത്തിയതെന്നാണ് വിവരം. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞാണ് അവിടെ വന്നതെന്നാണ് അധ്യാപകര്‍ നല്‍കുന്ന വിശദീകരണം. അധ്യാപകര്‍ വന്നതിന് പിന്നാലെ കുട്ടികള്‍ അവിടെ നിന്ന് ഒടുകയായിരുന്നു. അധ്യാപകര്‍ ഇവരെ ഓടിച്ചുവിട്ടെന്നാണ് പരിക്കേറ്റ കുട്ടിയുടെ മാതാവ് പറയുന്നത്. ഓടിയതിന് പിന്നാലെ കുട്ടി തൊട്ടടുത്തുള്ള ഒരു ഗേറ്റില്‍ ചാടിക്കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഗേറ്റിലെ മൂന്ന് കമ്പികള്‍ കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറുകയായിരുന്നു.എന്നാല്‍ കുട്ടിയുടെ പിന്നാലെ വന്ന അധ്യാപിക ഇത് കണ്ടിട്ടും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോണില്‍ ദൃശ്യം ചിത്രീകരിച്ചുവെന്ന ഗുരുതര ആരോപണമാണ് കുട്ടിയുടെ മാതാവ് ഉന്നയിക്കുന്നത്. ഏകദേശം 12 മിനിറ്റോളം കുട്ടിയെ സഹായിക്കാതെ ഇവര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഈ സമയം കുട്ടിയുടെ ശരീരത്തില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു. കുട്ടിയുടെ ബാഗ് പോലും കയ്യില്‍ നിന്ന് വാങ്ങാന്‍ ഇവര്‍ തയ്യാറായില്ലെന്നുമാണ് ആരോപണം. തൊട്ടടുത്ത വുമണ്‍സ് കൊളേജിലെ പ്രൊഫസറാണ് ഒടുവില്‍ ഫയര്‍ ഫൊഴ്‌സിനെ വിളിച്ച് കുട്ടിയെ രക്ഷിക്കാനുള്ള നടപടി സ്വീകരിച്ചതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സെത്തി മൂന്ന് കമ്പികളും മുറിച്ചുമാറ്റി ശ്രമകരമായാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് യാതൊരു സംഘര്‍ഷവുമുണ്ടായിരുന്നില്ലെന്നാണ് കുട്ടി അമ്മയോട് പറഞ്ഞിരിക്കുന്നത്. സംഭവം കണ്ട മറ്റ് അധ്യാപകരും വിഷയത്തില്‍ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ചികിത്സയിലുള്ള കുട്ടിയെ ഒരു തവണ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വന്നു കണ്ടതല്ലാതെ ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്ന ആരോപണവും കുടുംബമുയര്‍ത്തുന്നുണ്ട്. ശസ്ത്രക്രിയയ്ക്കടക്കം വിധേയനായ കുട്ടിയുടെ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button