ഒടുവില്‍ അമ്മയില്‍ ഔദ്യോഗിക രാജി; ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ രാജിവെച്ചു

കൊച്ചി: വിവാദങ്ങള്‍ കൊഴുക്കുന്നതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ ഔദ്യോഗിക രാജി. നടന്മാരായ ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ രാജിവെച്ചു. സംഘടനയുടെ ഇ-മെയിലിലേക്ക് ഇവർ രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും.
അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു.
നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമാണ് അവര്‍ ഇന്ന് പറഞ്ഞത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.
കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് ചിലര്‍ ജനറല്‍ ബോഡി യോഗത്തിന് എത്തിയത്. അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണ്ണമായും രാജി വെച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണെന്നും ശ്വേത പറയുന്നു. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തതെന്നും അവര്‍ ചോദിച്ചു.
സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങളടക്കം ഉയർന്നതോടെയാണ് സംഘടനയിൽ അതൃപ്തി പുകഞ്ഞത്. പിന്നാലെയായിരുന്നു ശ്വേതയുടെ രാജി പ്രഖ്യാപനം. ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജിയെന്നും അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരിപോലുള്ളവരെ മുന്നില്‍ നിര്‍ത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തിയെന്നുമായിരുന്നു ശ്വേത മുമ്പ് പ്രതികരിച്ചത്. ഇത് മറികടന്നാണ് ഭൂരിപക്ഷ പിന്തുണയില്‍ താന്‍ ജയിച്ചത്. നിര്‍ഭാഗ്യവശാല്‍ മുന്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള അവസരം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉറപ്പാക്കിയെന്നും ശ്വേത ആരോപിച്ചിരുന്നു.
എന്നാൽ ശ്വേതാ മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഔദ്യോഗികമായി രാജിസമര്‍പ്പിക്കാത്തത് പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇതോടെയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ചര്‍ച്ച ഉയർന്നത്. ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേശ് പിഷാരടി പ്രതികരിച്ചിരുന്നു. അമ്മ ഓഫീസില്‍ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേർന്ന ശേഷമായിരുന്നു പ്രതികരണം. ഈ പ്രതികരണങ്ങൾക്കെല്ലാം പിന്നാലെയാണ് ഇപ്പോൾ ജയൻ ചേർത്തലയും കൈലാഷും രാജി സമർപ്പിച്ചിരിക്കുന്നത്.




