‘ഞാൻ ജനങ്ങളുടെ ഹൃദയത്തിലുണ്ട്’; ഉ ദയനിധിയോട് അച്ഛനെവിടെ എന്ന് പരിഹാസത്തോടെ ചോദിച്ച വിജയിക്ക് മറുപടിയുമായി സ്റ്റാലിൻ

ചെന്നൈ: സിനിമയിൽ പോലും കാണാത്ത പ്രകടനമാണ് ഇപ്പോൾ തമിഴ്നാട് നിയമസഭയിൽ നടക്കുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനോട് അച്ഛനെവിടെ എന്ന് മുഖ്യമന്ത്രി പരിഹാസരൂപേണ ചോദിച്ചതാണ് ഇപ്പോഴത്തെ ചൂടേറിയ വിഷയം. തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ പരാജയപ്പെട്ടതിനെ സൂചിപ്പിച്ചാണ് വിജയ് പരിഹാസ രൂപേണ ഇങ്ങനെ ചോദിച്ചത്. എന്നാൽ, സംഭവത്തിൽ വിജയിക്ക് എതിരെ വ്യാപകവിമർശനമാണ് ഉയരുന്നത്. അതിനിടെയാണ് മറുപടിയുമായി സ്റ്റാലിൻ രം ഗത്തുവന്നിരിക്കുന്നത്.’ ഞാൻ നിയമസഭയിൽ ഇല്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലുണ്ട്. ജനങ്ങൾ എന്നെ എവിടെ തിരഞ്ഞാലും ഞാൻ അവിടെയുണ്ടാകും’ എന്ന് സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രി വിജയിയുടെ പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ വിസികെ തലവൻ തോൽ തിരുമാവളവനും രംഗത്തെത്തി. മുഖ്യമന്ത്രി പദവിയുടെ അന്തസ്സിന് ചേർന്നതല്ല ഇത്തരം വ്യക്തിപരമായ കടന്നാക്രമണങ്ങളെന്നും വിജയ് ഇത് ഒഴിവാക്കേണ്ടതായിരുന്നു. സഭയുടെ മര്യാദ കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിജയിയുടെ പരിഹാസത്തിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ എക്‌സിൽ പങ്കുവെച്ച കുറിപ്പ് വിവാദം കൂടുതൽ വഷളാക്കി. ചെങ്കൽപട്ട് കോടതിയിൽ ഭർത്താവിനെ തിരയുന്ന ഭാര്യയെക്കുറിച്ചുള്ള ഒരു കഥയാണ് ഉദയനിധി പങ്കുവെച്ചത്. വിജയിയുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹരജിയുമായി ബന്ധപ്പെട്ട വാർത്തകളെ പരോക്ഷമായി പരാമർശിച്ചായിരുന്നു ഉദയനിധിയുടെ ഈ പോസ്റ്റ്.അതിനിടെ, ഉപതിരഞ്ഞെടുപ്പിലൂടെ സ്റ്റാലിനെ നിയമസഭയിലേക്ക് തിരികെ എത്തിക്കാൻ ഡിഎംകെ നീക്കം ശക്തമാക്കുന്നതായാണ് സൂചന. മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ കെ.എൻ. നെഹ്റു, സ്റ്റാലിൻ ഉടൻ തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമാക്കി രംഗത്തുവന്നു. തമിഴ്‌നാട്ടിൽ നിലവിൽ ആറ് നിയമസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ട് സീറ്റുകളിൽ വിജയിച്ച വിജയ് തിരുച്ചി ഈസ്റ്റ് സീറ്റ് രാജിവെച്ചതും, അഞ്ച് എഐഎഡിഎംകെ എംഎൽഎമാർ രാജി വെച്ചതുമാണ് (ഇതിൽ നാല് പേർ പിന്നീട് ടിവികെയിൽ ചേർന്നു) ഇതിന് കാരണം. ഇതിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ സ്റ്റാലിൻ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.




