ഇറാനെതിരെ വീണ്ടും ട്രംപിന്റെ ആക്രമണ ഭീഷണി; മുന്നറിയിപ്പ് സമാധാന ചർച്ചകള്‍ തുടരുന്നതിനിടെ

വാഷിങ്ടൺ: യുഎസ് ഇറാന് സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും ആക്രമണ ഭീഷണിയുമായി ട്രംപ്. ലെബനനിലെ ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനിലേക്ക് ഇനിയും ആക്രമണം ഉണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. സ്വിറ്റ്സർലാന്‍ഡിലെ യുഎസ് ഇറാന് സമാധാന ചർച്ചകള്‍ തുടരുന്നതിനിടെയാണ് ട്രൂത്ത് സോഷ്യല്‍ വഴി ട്രംപിന്റെ ഭീഷണി.ഹോർമുസ് ഇനിയും തുറന്നില്ലെങ്കിൽ സ്വിറ്റ്സർലാൻഡിൽ ഉള്ളവർക്ക് ഇറാനിലേക്ക് തിരിച്ചു വരാനാകില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെ ട്രംപ് ഭീഷണിപ്പെടുത്തി. അതേസമയം വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തങ്ങളുടെ സൈന്യം തിരിച്ചടിക്കാൻ തയ്യാറാണെന്നും ഇറാൻ പാർലമെൻറ് സ്പീക്കർ മുഹമ്മദ് ഖാലിഫാബ് ട്രംപിന് മറുപടി നൽകി. ട്രംപിൻറെ ഭീഷണിയോടെ സമാധാന ചർച്ച അൽപ നേരം സ്തംഭിച്ചെങ്കിലും ആദ്യ ഘട്ട ചർച്ച പൂർത്തിയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വെടിനിർത്തൽ ധാരണയായതിന് ശേഷവും ലെബനനിലേക്ക് ഇസ്രയേൽ ആക്രമണം തുടർന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. പ്രകോപനം തുടർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകിയിരുന്നു. ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസ് ഇസ്രയേലിനോട് നിർദേശിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു.




