Uncategorized

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല, കർഷകര്‍ വീണ്ടും തെരുവിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ മോർച്ച, ജൂലയ് 28, 29 തീയതികളിൽ ദില്ലിയിൽ കൺവെൻഷൻ

ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകര്‍ വീണ്ടും തെരുവിലേക്ക്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സമയത്ത് കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും, ഇന്ത്യ യുഎസ് വ്യാപാര കരാറിനെതിരെയും വരുന്ന ഓഗസ്റ്റ് 10 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങാനാണ് തീരുമാനം. ട്രേഡ് യൂണിയനുകളെയും വിദ്യാർത്ഥി സംഘടനകളെയും അണിനിരത്തി വലിയ പ്രക്ഷോഭ പരിപാടികളാണ് കിസാൻ മോർച്ച ആസൂത്രണം ചെയ്തത്. 2020-ൽ കേന്ദ്ര നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ 13 മാസം നീണ്ട പ്രതിഷേധം മോദി സർക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

അതുവരെ എടുത്ത തീരുമാനങ്ങളിൽ നിന്നും പിന്മാറാത്ത മോദി സര്‍ക്കാര്‍ കര്‍ഷകർരുടെ പ്രതിഷേധത്തിന് മുമ്പില്‍ പതറി. ഒടുവിൽ വിവാദ നിയമങ്ങള്‍ പിവന്‍ലിച്ച കേന്ദ്രം വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കും, കടങ്ങള്‍ എഴുതി തള്ളും, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കുമെന്നും വാഗദാനങ്ങള്‍ നല്‍കി. എന്നാൽ ഉറപ്പ് നൽകി അഞ്ച് വര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപനങ്ങള്‍ ഒന്നും നടന്നിട്ടില്ല. പല കുറി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, കേന്ദ്രവുമായി ചര്‍ച്ചക്ക് താല്‍പര്യപ്പെട്ടെങ്കിലും അവഗണന തുടരുന്നതില്‍ പ്രതിഷേധിച്ചുമാണ് അനിശ്ചിതകാല സമരത്തിന്‍റെ സൂചന നല്‍കി കര്‍ഷകര്‍ നിലപാട് കടുപ്പിക്കുന്നത്.

ഇതൊടൊപ്പം കർഷകവിരുദ്ധമായ യു.എസ്-ഇന്ത്യ വ്യാപാര കരാറിനെതിരെയും പ്രതിഷേധിക്കുമെന്ന് കിസാൻ മോർച്ച വ്യക്തമാക്കുന്നു. നോയിഡ എയർപോർട്ട്, ഗംഗാ എക്സ്പ്രസ്സ് വേ പദ്ധതികളുടെ പേരിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും ഒഡീഷയിലെ ഗോത്രഭൂമിയിലെ കോർപ്പറേറ്റ് കൈയേറ്റം തടയണമെന്നും ഹരിയാണയിലെ ജലപ്രതിസന്ധി പരിഹരിക്കണമെന്നുമുള്ള ആവശ്യങ്ങളും കർഷക സംഘടനകൾ ഉയർത്തുന്നുണ്ട്. സമരത്തിന് മുന്നോടിയായി അടുത്ത മാസം 28, 29 തീയതികളിൽ ദില്ലിയില്‍ വിപുലമായ കൺവെൻഷൻ നടക്കും. ട്രേഡ് യൂണിയനുകളേയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button