ഷിഗെല്ലയിൽ ആശങ്ക; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 167 കേസുകൾ

കേരളത്തിൽ ഷിഗെല്ല രോഗവ്യാപനം വർദ്ധിക്കുന്നു. സംസ്ഥാനത്തെ ജലാശയങ്ങളുടെ മലിനീകരണവും തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണത്തിലെ പരാജയവുമാണ് രോഗവ്യാപനത്തിന് കാരണമായി ഉയരുന്ന പ്രധാന ആക്ഷേപം.
കേരളത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഷിഗെല്ല കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ജൂൺ 17 വരെ 167 ഷിഗെല്ല കേസുകളും അഞ്ച് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു . 2020ൽ വെറും 12 കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. ജൂണിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം 4 മരണങ്ങളാണ് സംഭവിച്ചത്.
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയ, പ്രധാനമായും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ് ബാധിക്കുന്നത്. പനി, വയറുവേദന, രക്തത്തോടുകൂടിയ വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രതയും ജലാശയങ്ങളുടെ മലിനീകരണവുമാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. പൊതുജനാരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ ഉറപ്പാക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിൽ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധർ കുറ്റപ്പെടുത്തുന്നു.
കോവിഡ് കാലത്ത് വികസിപ്പിച്ച ആർ.ടി-പി.സി.ആർ പരിശോധനാ സംവിധാനങ്ങൾ നിലവിൽ രോഗനിർണ്ണയം വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ടെങ്കിലും, രോഗത്തിന്റെ കാരണമായ ജലമലിനീകരണം തടയാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ അനിവാര്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കുക എന്നിവ മാത്രമാണ് ശിഗെല്ല രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗം.




