പ്രതിഷേധ സൂചകമായി പുരുഷന്മാർക്ക് നാളെ സൗജന്യ യാത്ര: പ്രിയദർശിനി പദ്ധതി നിലനിൽപ്പിന് ഭീഷണിയെന്ന് ബസ് ഉടമ

കൊച്ചി: ജൂൺ 15ന് പുരുഷന്മാർക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസുടമയുടെ പ്രതിഷേധം. മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസ്സിൽ പ്രതിഷേധത്തിന്റെ ഭാഗമായി പുരുഷന്മാർക്ക് തിങ്കളാഴ്ച ഒരു ദിവസം സൗജന്യ യാത്ര അനുവദിക്കുമെന്ന് ബസ്സുടമ വട്ടപ്പറമ്പ് സ്വദേശി ബി ഒ ഡേവിസ് വ്യക്തമാക്കി. പൊതുഗതാഗത മേഖലയുടെ തകർച്ചയ്ക്കും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനും ഭീഷണിയാകുന്ന ഇന്ദിരാ ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് പരുഷന്മാക്ക് സൗജന്യ യാത്ര ഒരുക്കുന്നതെന്നാണ് ബസുടമ വ്യക്തമാക്കുന്നത്. രാവിലെ 6. 30 മുതൽ രാത്രി 8 മണി വരെയുള്ള 7 ട്രിപ്പുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ബി ഒ ഡേവിസ് വ്യക്തമാക്കി.
സ്വകാര്യബസ്സുകളെ കൈവിടാതെ കെഎസ്ആർടിസിയിലെ ഫ്രീ യാത്ര ഒഴിവാക്കി അന്നേദിവസം യാത്ര ചെയ്യുന്ന എല്ലാ വനിത യാത്രക്കാർക്കും മധുരം നൽകി അനുമോദിക്കുമെന്നും ബസുടമ വ്യക്തമാക്കി. 25 വർഷത്തിലേറെയായി സർവീസ് തുടരുന്ന തൻ്റെ റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി ബസ്സുകൾക്കിടയിലാണ് ഓടുന്നത്. യാത്രക്കാരിൽ കൂടുതലും വനിതകൾ ആണെന്നതിനാൽ ഇവരെയും സ്വാഭാവികമായും നഷ്ടപ്പെടും എന്ന യാഥാർത്ഥ്യമാണ് ഇത്തരത്തിൽ പ്രതിഷേധം നടത്തുവാനുള്ള തീരുമാനത്തിന് പിന്നലെന്നാണ് ബി ഒ ഡേവിസ് പറയുന്നത്
ഡീസലിന് 8 രൂപയുടെ വർദ്ധനവും വിദ്യാർത്ഥികളുടെ ഒരു രൂപ മിനിമം എന്ന തുച്ഛമായ ടിക്കറ്റ് നിരക്കും അന്യസംസ്ഥാന തൊഴിലാളികൾ തിരികെ എത്താത്തതും സൃഷ്ടിക്കുന്ന പ്രതിസന്ധി നിലനിൽക്കുമ്പോൾ വന്ന സ്ത്രീകളുടെ സൗജന്യയാത്ര എന്ന പ്രഖ്യാപനം ഇരുട്ടടിയായി മാറി. ഇപ്പോൾ നടപ്പാക്കുന്ന ഈ സംവിധാനം മൂലം സംസ്ഥാനത്തെ നിരവധി ബസ്സുകൾ ഡീസൽ അടിക്കാനുള്ള കളക്ഷൻ പോലും കിട്ടാതെ സർവീസ് അവസാനിപ്പിക്കേണ്ടി വരുമെന്നത് യാഥാർത്ഥ്യമാണ്. കൂടാതെ സൗജന്യ യാത്രയുടെ ഗുണം ഇപ്പോൾ കെഎസ്ആർടിസി ബസ്സുകൾ ഇല്ലാത്ത സ്ഥലങ്ങളിലേക്കും ലഭിക്കണമെന്ന തീരുമാനം നടപ്പിലായാൽ വീണ്ടും ബാക്കിയുള്ള സ്വകാര്യബസ്സുകൾക്കും വൻഭീഷണിയായി മാറും. ഇതോടൊപ്പം ഈ മേഖലയുമായി ബന്ധപ്പെട്ട അനേകം ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സുകൾ ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാക്കുന്ന പ്രത്യാഘാതം മനസ്സിലാക്കി സ്വകാര്യ ബസ്സുകൾക്ക് സൗജന്യമായി ഡീസൽ നൽകിയും റോഡ് നികുതി ഒഴിവാക്കിയും സ്വകാര്യബസ്സുകളെയും നിലനി ർത്തിക്കൊണ്ടാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്നും ബസുടമ വ്യക്തമാക്കി.




