Uncategorized

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ തടവുകാരൻ അബ്ദുൽ ഖാദർ ജയിലിൽ അന്തരിച്ചു

ബെംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് 17 വർഷമായി പരപ്പന അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന 29-ാം പ്രതി കുടക് സ്വദേശി അബ്‌ദുൽ ഖാദർ (64) അന്തരിച്ചു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ജയിലിൽ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കാലിലെ ചെറുവിരൽ മുറിച്ചു മാറ്റിയിരുന്നു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, മൂന്നുവർഷം തടവ് മാത്രം ലഭിക്കുമായിരുന്ന കുറ്റത്തിനാണ് വിചാരണപോലും പൂർത്തിയാക്കാതെ രണ്ടു പതിറ്റാണ്ടിനടുത്ത് ജയിലിൽ കഴിഞ്ഞ് നീതി ലഭിക്കാതെ അബ്ദുൽ ഖാദറിന്റെ അന്ത്യം. പ്രതികൾക്ക് സംരക്ഷണം നൽകി എന്നതാണ് ഇദ്ദേഹത്തിനെതിരായ കേസ്. കേസിലെ പ്രതികളിൽ ആരോപിക്കപ്പെട്ടതിൽ ഏറ്റവും ചെറിയ കുറ്റമാണിത്.
കടുത്ത പ്രമേഹവും വൃക്ക രോഗവും ഒപ്പം ഇരു കണ്ണുകളുടെയും കാഴ്‌ച നഷ്‌ടപ്പെട്ടും ഏറെ ബുദ്ധിമുട്ടിയിരുന്ന അബ്‌ദുൽ ഖാദറിന്റെ ഇടതുകാൽ 2020ൽ മുറിച്ചു മാറ്റുകയുണ്ടായി. ഇതിനുശേഷം വീൽചെയറിലായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കുവേണ്ടി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ജൂൺ 22നകം ആവശ്യമായ ചികിത്സ നൽകാൻ ചീഫ് സുപ്രണ്ട് ഓഫ് പ്രിസൺസിന് നിർദ്ദേശം ലഭിച്ചുവെങ്കിലും നടന്നില്ല.
2008 ജൂലൈ 25ന് ബെംഗളൂരുവിൽ മഡിവാള, അഡുഗോഡി, കോരമംഗല, നായന്ദഹള്ളി, വിറ്റൽ മല്യ റോഡ്, ലാങ്ഫോർഡ് റോഡ്, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലടക്കം അരങ്ങേറിയ ഒമ്പത് സ്ഫോടനങ്ങളിലാണ് അബ്ദു‌ൽ ഖാദറിനെ പ്രതി ചേർത്തത്. സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

മഡിവാള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ തടിയന്റവിട നസീർ അടക്കം 11 പേരെ പ്രതിയാക്കി 2009ൽ അന്വേഷണം ആരംഭിച്ച കേസിൽ പിന്നീടാണ് അബ്ദുൽ ഖാദറിനെ പ്രതിയാക്കുന്നത്. നസീറിനും സംഘത്തിനും കുടകിൽ ക്ലാസ് നടത്തുന്നതിനായി അബ്‌ദുൽ ഖാദർ ഇഞ്ചിത്തോട്ടം വാടകക്കെടുത്തു നൽകിയെന്നായിരുന്നു കേസ്. ആദ്യം മാപ്പുസാക്ഷിയാക്കുകയും പിന്നീട് പ്രതി ചേർക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button