Uncategorized

കാലിൽ കയറിട്ട് കിണറ്റിൽ തൂക്കി, ശ്വാസംമുട്ടി പിടഞ്ഞു; മോഷണമാരോപിച്ച് ദലിത് യുവാവിന് ക്രൂര പീഡനം

ദളിതർക്കെതിരായ ജാതീയ

അധിക്ഷേപങ്ങളും പീഡനവും എന്നും വാർത്തകളിൽ നിറയാറുണ്ട്. പമ്പ് സെറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ഹരിയാനയിൽ ദലിത് യുവാവിനെ കിണറ്റിലേക്ക് തലകീഴായി കെട്ടിത്തൂക്കിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്. ഹരിയാനയിലാണ് സംഭവം. മുപ്പത്തഞ്ചുകാരനായ ബാരുവാണ് കടുത്ത പീഡനത്തിന് ഇരയായത്. വെളിമ്പറമ്പിൽ പ്രാഥമികകൃത്യത്തിനായിറങ്ങിയ യുവാവിനെ അഞ്ച് പേർ ചേർന്ന് വളഞ്ഞ് പിടികൂടി. അവരിലൊരാളുടെ വീട്ടിലെ പമ്പ് സെറ്റ് മോഷ്ടിച്ചെന്ന് പറഞ്ഞ് ബാരുവിനെ ഇവർ ബലമായി കിണറിന് സമീപത്തേക്ക് കൊണ്ടുപോയി. തുടർന്ന് കാലിൽ കയർ കെട്ടി കിണറ്റിലേക്ക് തലകീഴായി ഇറക്കി. യുവാവിനെ കെട്ടിത്തൂക്കുന്നതിന്റെയും അയാൾ കിണറിനുള്ളിൽ കിടന്ന് കരയുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
കിണറിൽ കയറിൽ തൂക്കിയിട്ട ബാരു രക്ഷപ്പെടുന്നതിനും ശ്രമം നടത്തുന്നുണ്ട്. കയറിൽ പണിപ്പെട്ട് എത്തിപ്പിടിച്ച് തിരിച്ചുകയറാനായിരുന്നു ശ്രമം. കയറിൽ പിടികിട്ടിയെങ്കിലും തൊട്ടടുത്ത നിമിഷം പിടിവിട്ട് ഇയാൾ താഴേക്ക് പോവുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. തല വെള്ളത്തിൽ മുങ്ങി ശ്വാസം കിട്ടാതെ പിടയുമ്പോഴൊക്കെ അവർ കയർ മുകളിലേക്ക് വലിച്ച് ബാരുവിനെ ഉയർത്തും. താൻ മോഷ്ടിച്ചിട്ടില്ലെന്നും പൊലീസിൽ പരാതി കൊടുക്കാനുമെന്നു ഈ ഘട്ടത്തിൽ ബാരു വിളിച്ച് പറയുന്നുണ്ട്.
തുടർന്ന് യുവാവിനെ സംഘം കരയ്ക്ക് കയറ്റി മർദിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. പിന്നീട് പൊലീസിൽ ബാരു പരാതി നൽകി. എന്നാൽ കേസിൽ ഇതുവരെയും പൊലീസ് നടപടിയെടുത്തിട്ടില്ല. അഞ്ച് പേർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. 2019 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ഹരിയാനയിൽ ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അൻപത് ശതമാനമാണ് വർധനവുണ്ടായത്. 2019ൽ 1086 കേസുകളിൽ എഫ്ഐആർ രേഖപ്പെടുത്തിയ സ്ഥ‌ാനത്ത് 2021ൽ 1628 എന്ന രീതിയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button