Uncategorized

ജിഎസ്ടി ഉദ്യോഗസ്ഥരെ കണ്ട് ലോറിക്ക് വേഗം കൂടി, ഇടിച്ചിടാൻ ശ്രമം; പ്രത്യേക ടാങ്കുകളിലാക്കി മാഹിയിൽ നിന്നും കടത്തിയത് 4000 ലിറ്റ‍ർ ഡീസൽ

കോഴിക്കോട്: കോഴിക്കോട് നന്തിയില്‍ വാഹന പരിശോധനക്കിടെ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മാഹിയില്‍ നിന്ന് അനധികൃതമായി ഡിസല്‍ കടത്തുന്ന സംഘമാണ് ഉദ്യോഗസ്ഥരെ വണ്ടി കയറ്റി കൊല്ലാന്‍ ശ്രമിച്ചത്. മാഹിയില്‍ നിന്ന് ഡീസല്‍ കടത്തുന്ന സംഘമാണ് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ദേശീയപാതയിലെ നന്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നികുതിവെട്ടിച്ച് ഡീസലുമായി പോവുകയായിരുന്ന ലോറി വന്നത്.ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും അമിത വേഗതിയിലെത്തിയ ലോറി നിര്‍ത്തിയില്ല. ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് പോകാന്‍ ശ്രമിച്ച ലോറി പിന്നീട് കൊയിലാണ്ടിയിലെ സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഇടിച്ച് നിന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. വാഹനം പിന്‍തുടര്‍ന്ന് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ചെളിയിലെക്ക് തള്ളിയിട്ട് വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥൻ ടി.പി ലിബീഷ് പറഞ്ഞു. ലോറി ജിഎസ്.ടി വകുപ്പ് പിടിച്ചെടുത്തു. നാലായിരം ലിറ്ററോളം ഡ‍ീസലാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ലോറിക്ക് ആവശ്യമായി രേഖകളും ഇല്ലായിരുന്നു.

പത്ത് ലക്ഷം രൂപ പിഴയൊടുക്കിയാലേ ലോറി വിട്ടു നല്‍കൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലോറി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാഹിയില്‍ നിന്ന് അനധികൃതമായി ഡീസല്‍ കടത്തുന്നത് പതിവായിട്ടുണ്ട്. ഇന്ധന വില കൂടിയതോടെയാണ് നികുതി നിരക്ക് കുറഞ്ഞ മാഹിയില്‍ നിന്ന് കേരളത്തിലേക്ക് പെട്രോളിയം ഉല്‍പ്പനങ്ങള്‍ അനധികൃതമായി കടത്തുന്നത് വളരെ കൂടിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥ‍ർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button