Uncategorized

സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ല: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് തള്ളിയത്. രജിസ്‌ട്രേഷൻ കാലാവധി 15-ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തള്ളിയത്. കാലാവധി നീട്ടാൻ ‘വാഹൻ’ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താൻ അനുമതി നൽകാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

മോട്ടോർ വാഹന നിയമപ്രകാരം സർക്കാർ വാഹനങ്ങളുടെ പരമാവധി കാലാവധി 15 വർഷം മാത്രമാണ്. കെഎസ്ആർടിസി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്ക് 15 വർഷത്തെ കാലാവധി ബാധകമാണ്. വാഹനങ്ങളുടെ പ്രായം നിശ്ചയിക്കാനുള്ള പൂർണ അധികാരം കേന്ദ്ര സർക്കാരിനാണെന്നും കത്തിൽ പറയുന്നു.

റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയാണ് കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

വാഹന കാലാവധി 20 വർഷമായി നീട്ടിക്കൊണ്ട് ജനുവരി 20-ന് കേരള സർക്കാർ ഇറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും നിയമ വിരുദ്ധമായ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കാനും കേരളത്തോട് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ കാലപ്പഴക്കം നിശ്ചയിക്കാന്‍ പ്രത്യേക നിയമവ്യവസ്ഥകള്‍ നിലവിലില്ല എന്നായിരുന്നു കേരളത്തിന്റെ വാദം. ഈ വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിജ്ഞാപനം ഇറക്കിയത്. 15 വർഷം കഴിഞ്ഞ 2253 സർക്കാർ വാഹനങ്ങൾ പൊളിച്ചുമാറ്റാൻ 2023-ൽ കേരളം തന്നെ തീരുമാനിച്ചിരുന്ന കാര്യവും കേന്ദ്രം ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button