Uncategorized

“500 നും 600 നും ഇടയില്‍ മാര്‍ക്ക് ഉറപ്പ്”; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ പ്രതിയുടെ വാഗ്ദാനം

ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ബിഎഎംഎസ് വിദ്യാര്‍ഥിയായ ശുഭം ഖൈര്‍നാര്‍ വാട്‌സ്ആപ്പിലൂടെ നല്‍കിയ സന്ദേശങ്ങളാണ് പുറത്തുവന്നത്. വിദ്യാഥികള്‍ക്ക് 500 നും 600 നും ഇടയില്‍ മാര്‍ക്ക് ഉറപ്പ് നല്‍കുന്ന ഖൈര്‍നാറിന്റെ സന്ദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സിബിഐയാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചോദ്യപേപ്പറിന്റെ പകര്‍പ്പ് വേണമെന്ന് ഖൈര്‍നാര്‍ പൂനെയിലുള്ള വിതരണക്കാരനായ യാഷ് യാദവിനോട് ആവശ്യപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഏപ്രില്‍ 29 ന് തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തി ഡീല്‍ ഉറപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഖൈര്‍നാറും സംഘവും നീറ്റ് പരീക്ഷയെഴുതുന്നവരെ കണ്ടെത്തി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും പ്രശസ്തമായ കോളേജുകളില്‍ അഡ്മിഷനും വാഗ്ദാനം ചെയ്തായിരുന്നു ക്യാന്‍വാസിങ്.

സ്വാധീനിച്ച വിദ്യാര്‍ഥികളുമായി വാട്‌സ് ആപ്പില്‍ ഖൈര്‍നാര്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 500 നും 600 നും ഇടയില്‍ മാര്‍ക്ക് ലഭിക്കുമെന്നാണ് ഖൈര്‍നാര്‍ ഉറപ്പ് നല്‍കുന്നത്. 720 മാര്‍ക്കിലാണ് നീറ്റ്-യുജി പരീക്ഷ മൂല്യനിര്‍ണയം നടത്തുന്നത്.

ഖൈര്‍നാറിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ചോദ്യപേപ്പറിന്റെ പകര്‍പ്പുകളടക്കമുള്ള തെളിവുകളും സിബിഐ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഖൈര്‍നാറില്‍ നിന്നും ചോര്‍ന്ന ചോദ്യപേപ്പര്‍ കേരളത്തിലടക്കമുള്ള കോച്ചിങ് സെന്ററുകളില്‍ എത്തിയിരുന്നുവെന്നാണ് വിവരം.

മെയ് 3 ന് നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. ജൂണ്‍ 21 ന് വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button