Uncategorized

കോൺഗ്രസിന്റെയും ലീഗിന്റെയും പിന്തുണ താങ്ങായി, തണലായി, രക്ഷാകവചമായി; പാണക്കാടെത്തിയത് നന്ദി പറയാൻ’- ജി സുധാകരൻ

മലപ്പുറം: അമ്പലപ്പുഴയിലെ നിയുക്ത എംഎൽഎ ജി സുധാകരൻ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെയും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും പൊന്നാട അണിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് പാണക്കാട് എത്തിയതെന്നും സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടൽ തെരഞ്ഞെടുപ്പിൽ തനിക്ക് സഹായകമായി എന്നും ജി സുധാകരൻ പറഞ്ഞു. സെക്യുലറായ മതന്യൂനപക്ഷമാണ് മുസ്ലിം ജനവിഭാഗമെന്നും അമ്പലപ്പുഴയിൽ തനിക്കെതിരെ മത്സരിച്ച മുസ്ലിം നാമധാരി പരാജയപ്പെട്ടത് അതിന്റെ തെളിവാണെന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തങ്ങളെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും സുഹൃത്ത് ഷംസുദ്ദീന്‍ എംഎല്‍എയെയും കാണാനാണ് വന്നത്. നന്ദി പറയാനാണ് വന്നത്. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങൾ അവർകളും കുഞ്ഞാലിക്കുട്ടി സാഹിബും പലതവണ വിളിച്ച് കാര്യങ്ങൾ ഉഷാറാക്കി. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി. അതിന് ഈ കുടുംബത്തിന്റെ പിന്തുണ വലുതാണ്. നന്ദി പറയാനാണ് വന്നത്. സെക്യുലറായ മതന്യൂനപക്ഷമാണ് മുസ്ലിം ജനവിഭാഗമെന്നത് നേരത്തെ തന്നെ തെളിഞ്ഞിട്ടുളളതാണ്. എനിക്കെതിരെ മത്സരിച്ചത് മുസ്ലിം നാമധാരിയാണ്. അപ്പോഴാണ് എനിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച ഫലംവന്നത്. അമ്പലപ്പുഴയില്‍ മാത്രമല്ല കേരളത്തിലുടനീളം സെക്യുലറായ മതവിഭാഗമാണ് മുസ്ലിം ജനവിഭാഗം. സഹായിച്ചവരെയൊക്കെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. അതിനായാണ് വന്നത്’- ജി സുധാകരൻ പറഞ്ഞു.

താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ ആരുടെയെങ്കിലും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പെട്ടെന്നാണ് പെട്ടെന്നാണ് കോണ്‍ഗ്രസും ലീഗും പിന്തുണ പ്രഖ്യാപിച്ചതെന്നും ജി സുധാകരൻ പറഞ്ഞു. ‘അത് വലിയ പിന്തുണയായി. താങ്ങായി. തണലായി. അതൊരു രക്ഷാകവചമായി. എല്ലാ പ്രവര്‍ത്തനവും കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തി. എനിക്കൊരു പോസ്റ്റര്‍ പോലും ഒട്ടിക്കാന്‍ ആരെയും ചുമതലപ്പെടുത്തേണ്ടിവന്നില്ല. ഏറ്റവും കുറവ് തെരഞ്ഞെടുപ്പ് ചിലവ് എനിക്കായിരിക്കും. ചെലവായ തുകയുടെ 85 ശതമാനവും കോണ്‍ഗ്രസാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കണം എന്ന് വാശിയുണ്ടായിരുന്നു’- ജി സുധാകരൻ പറഞ്ഞു.കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിലും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. അവര്‍ അവരുടേതായ പ്രശ്‌നങ്ങളാല്‍ രണ്ടുമൂന്ന് ദിവസം താമസിച്ചു എന്നേയുളളു. അത് മഹാപാതകമാണ് എന്നൊന്നും പറയാനാവില്ല. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. തീരുമാനമെടുക്കുന്നതോടെ ആ പ്രശ്‌നം അവസാനിക്കും. ശക്തമായ തരത്തില്‍ നിയമസഭയിലും നാട്ടിലും പ്രവര്‍ത്തിക്കുന്നതോടെ ഈ രണ്ടുമൂന്ന് ദിവസമൊക്കെ ആളുകള്‍ വലുതായിട്ട് കാണില്ല എന്നാണ് ജി സുധാകരൻ പറഞ്ഞത്.

വെളളാപ്പളളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ആദരിച്ചതെന്നും വർഗീയ പരാമർശങ്ങൾ ശരിയല്ലെന്ന് നേരത്തെ തന്നെ താൻ പറഞ്ഞിട്ടുളളതാണെന്നും ജി സുധാകരൻ വ്യക്തമാക്കി. മലപ്പുറത്തെ അധിക്ഷേപിച്ചത് ശരിയല്ലെന്നും മുസ്‌ലിംങ്ങൾക്ക് എതിരെ പറയുന്നത് ശരിയല്ലെന്ന് താൻ നേരത്തെ പറഞ്ഞിട്ടുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button