Uncategorized

അവയവക്കച്ചവട കേസിലെ പ്രതിക്ക് കൊലക്കേസ് ബന്ധവും; നജീബിനെ ചുറ്റിപ്പറ്റി ദുരൂഹത

കൊച്ചി വ്യാജരേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയതിന് അറസ്റ്റിലായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട കുപ്രസിദ്ധമായ കാലിയ റഫീഖ് വധക്കേസിൽ പ്രതിയാവുകയും പിന്നീടു വെറുതെ വിടുകയും ചെയ്തയാൾ. കാസർകോട് ഉപ്പള സ്വദേശിയും 45ലേറെ കേസുകളിൽ പ്രതിയുമായിരുന്ന കാലിയ റഫീഖ് 2017 ഫെബ്രുവരി 14നാണ് മംഗളുരുവിനടത്തുവച്ചു കൊല ചെയ്യപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി നജീബിനെ കേസിൽ ആറാം പ്രതിയാക്കിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ നജീബ് ഉൾപ്പെടെ നാലുപേരെ വെറുതേവിടുകയായിരുന്നു. നജീബ്, കൊലപാതകം ഉൾപ്പെടെ 12ഓളം കേസുകളിൽ പ്രതിയാണെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ വ്യക്തമാക്കിയിരുന്നു.വർഷങ്ങളോളം കാസർകോടിനെയും മംഗളുരുവിനെയും മുൾമുനയിൽനിർത്തിയ ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നു കാലിയ റഫീഖ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത പിരിവ്, കൊലപാതക ശ്രമം, ഭവനഭേദനം തുടങ്ങി എല്ലാവിധ കേസുകളും റഫീഖിനെതിരെയുണ്ടായിരുന്നു. ഒട്ടേറെ ശത്രുക്കളെയും ഇതുവഴി സമ്പാദിച്ചു. 2017 ഫെബ്രുവരി 14നാണ് മംഗളുരു ഉള്ളാൾ പൊലീസ് ‌സ്റ്റേഷൻ പരിധിയിലെ കോട്ടേക്കർ ഹൈവേയിൽ വച്ച് കാലിയ റഫീഖ് കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന റഫീഖ് പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ അന്ന്. കാസർകോട്ട് നിന്ന് മംഗലാപുരത്തേക്കു പോവുകയായിരുന്നു റഫീഖ് ഉൾപ്പെട്ട സംഘം. ഇടയ്ക്കു വച്ച് ഇവർ വാഹനം മാറിക്കയറി. പിന്നീട് സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് കാസർകോട് കൽനാട്എ-1 നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബ് കെ.എ. എന്ന നജീബ് കല്ലടയായിരുന്നു.ഉള്ളാളിനടുത്തുള്ള കൊടേക്കാറിലെ പെട്രോൾ പമ്പിനു മുന്നിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ തെറ്റായ ദിശയിൽ എത്തിയ ലോറി ഇടിച്ചു. പിൻസീറ്റിലായിരുന്ന റഫീഖ് അപകടം മണത്ത് പുറത്തിറങ്ങുമ്പോഴേക്കും പിന്നിൽനിന്ന് മറ്റൊരു കാറിലെത്തിയ നാലംഗ സംഘം വെടിയുതിർത്തു. പെട്രോൾ പമ്പിനടുത്തേക്ക് ഓടിയ റഫീഖിനെ ഈ സംഘം വെടിവച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. നജീബും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഓടി രക്ഷപെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നജീബിനെ കേസിൽ ആറാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതോടെ ഒളിവിൽ പോയ നജീബിനെ പിന്നീട് പൊലീസ് പിടികൂടുന്നത് രണ്ടര വർഷങ്ങൾക്കുശേഷമാണ്. മുംബൈ, ബെംഗളുരു, എറണാകുളംതുടങ്ങിയ മേഖലകളിൽ നജീബ്
ഒളിവിലായിരുന്നു എന്നാണ് അന്നു പുറത്തുവന്ന വാർത്തകൾ. റഫീഖിനും നജീബിനുമൊപ്പം കാറിലുണ്ടായിരുന്ന ഫിറോസിന്റെ മൊഴി പ്രകാരം നജീബ് ഓടിക്കയറിയത് കൊലപാതകികൾ സഞ്ചരിച്ച കാറിലാണ്. അതുപോലെ, പെട്രോൾ പമ്പിനു സമീപം നജീബ് കാർ നിർത്തിയിട്ടു എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.സെഷൻസ് കോടതി 2019 ഒക്ടോബറിൽ നജീബിന്റെ ജാമ്യാപേക്ഷ തള്ളിയെങ്കിലും ഹൈക്കോടതി നവംബറിൽ ജാമ്യം അനുവദിച്ചു. താൻ മെഡിക്കൽ പ്രസന്റിറ്റീവാണെന്നും മൂന്നു മക്കൾ ഉൾപ്പെടെയുള്ള കുടുംബത്തെ നോക്കേണ്ടതുണ്ടെന്നും പ്രമേഹരോഗിയാണെന്നുമുള്ള വാദങ്ങളായിരുന്നു നജീബിന്റേത്.
കാസർകോട്, മംഗളുരു മേഖലകളിൽ വലിയ ചർച്ചയായ ക്വട്ടേഷൻ കൊലപാതകമായിരുന്നു കാലിയ റഫീഖിന്റേത്. വാദത്തിനിടെ സാക്ഷികളിൽ പലരും കൂറുമാറി. തനിക്കു കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു നജീബിന്റെ വാദം. ഒടുവിൽ 2024 സെപ്റ്റംബറിൽ തെളിവുകളുടെ അഭാവത്തിൽ മംഗളുരു അഡീഷനൽ ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് കോടതി നാലു പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി നൂർ അലി, രണ്ടാം പ്രതി യൂസഫ് ഷിയാദ്, അഞ്ചാം പ്രതി ടി.എസ്.റഷീദ്, ആറാം പ്രതി നജീബ് കല്ലട എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. എട്ടാം പ്രതിയായിരുന്ന ഡോൺ തസ്ലിം എന്ന മുത്താസിം പിന്നീട് കൊല്ലപ്പെട്ടു. മറ്റുള്ളവർ ഒളിവിലാണ്.
വെറുതെ വിട്ടത്. കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. എട്ടാം പ്രതിയായിരുന്ന ഡോൺ തസ്ല‌ിം എന്ന മുത്താസിം പിന്നീട് കൊല്ലപ്പെട്ടു. മറ്റുള്ളവർ ഒളിവിലാണ്. കൊലപാതകം കഴിഞ്ഞിട്ട് ഒൻപതു വർഷവും നജീബ് കുറ്റവിമുക്തനായിട്ടു രണ്ടു വർഷവുമാകുന്നു. ഇതിനിടെയാണ് എറണാകുളം, കൊല്ലം, തിരുവനന്തപുരം അടക്കം ഒട്ടേറെ ജില്ലകൾ കേന്ദ്രീകരിച്ച് അവയവ കച്ചവടം നടത്തിയതിന് നജീബ് അറസ്റ്റിലാകുന്നത്. വ്യാജരേഖകൾ ചമച്ചതിന് ഉൾപ്പെടെ ഒൻപതോളം പേരും അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിവാകുമെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button