സ്വർണവില ഈ മാസത്തെ കുറഞ്ഞനിരക്കിൽ

കൊച്ചി: കേരളത്തിൽ സ്വർണവില ഈ മാസത്തെ കുറഞ്ഞനിരക്കിലേക്ക് എത്തി.
ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,675 രൂപയായി കുറഞ്ഞു. പവൻ്റെ വിലയിൽ 320 രൂപയുടെ കുറവുണ്ടായി. പവൻ്റെ വില 1,09,400 രൂപയായി കുറഞ്ഞു. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ മുന്നേറ്റമുണ്ടായിട്ടുണ്ട്.
അഞ്ചാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിൽ നിന്നും സ്വർണവില മുന്നേറി. സ്പോട്ട് ഗോൾഡ് നിരക്ക് 0.3 ശതമാനം ഉയർന്ന് ഔൺസിന് 4,533.40 ഡോളറായി. തിങ്കളാഴ്ച രണ്ട് ശതമാനത്തിൻെ നഷ്ടം രാജ്യാന്തര വിപണിയിൽ ഉണ്ടായിരുന്നു. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്നു. 0.2 ശതമാനം നേട്ടമാണ് ഗോൾഡ് ഫ്യൂച്ചർനിരക്കിൽ ഉണ്ടായത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് ഇടിവിലെത്തി. ഇറാൻ യുദ്ധം പരിഹാരമില്ലാതെ തുടരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം. യുദ്ധം തീരാതെ തുടരുന്നത് എണ്ണകേന്ദ്രീകൃത ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 95.39 ഡോളറിലേക്ക് ഇടിഞ്ഞു. 0.3 ശതമാനം ഇടിവാണ് രൂപക്കുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂല്യം ഏറ്റവും കുറഞ്ഞ നിരക്കായ 95.33ലേക്ക് എത്തിയത്. ഇറക്കുമതി ചെയ്യുന്ന എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന ഫിലിപ്പീൻ പെസോ, ഇന്തോനേഷ്യൻ റുപ്പിയ തുടങ്ങിയവയെല്ലാം ഇടിവിലാണ്..
യുദ്ധം തുടരുന്നതും എണ്ണവില വർധനവും ഇന്ത്യയുടെ കറന്റ്റ് അക്കൗണ്ട് കമ്മി വർധിക്കാനും അതുവഴി പണപ്പെരുപ്പത്തിനും കാരണമാകുമെന്നും ആശങ്കയുണ്ട്. ഓഹരി വിപണിയിൽ വിദേശനിക്ഷേപകർ 20 ബില്യൺ ഡോളറിന്റെ ആസ്തികൾ വിറ്റഴിച്ചിരുന്നു.




