Uncategorized

അദൃശ്യ ആക്രമണം ചെറുക്കാനാവാതെ ഇസ്രയേൽ: മാരകമായ ആയുധം പ്രയോഗിച്ച് ഹിസ്ബുള്ള

ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ്, ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഏകോപിത ആക്രമണത്തിൽ ലെബനനിലുടനീളം ആയിരക്കണക്കിന് പേജറുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. സ്ഫോടനങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 32 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ലോകം കണ്ടതിൽ തന്നെ വെച്ച് വ്യത്യസ്തമായ ഒരു ആക്രമണ തന്ത്രം.

ഇപ്പോൾ, അതിന് പകരമെന്നോണം ഹിസ്ബുള്ള സ്വന്തമായി കണ്ടെത്തിയ ആയുധം നിശബ്ദമായി ഇസ്രായേലികളുടെ ജീവൻ അപഹരിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ഭാരവും എന്നാൽ കൃത്യതയോടെ ആക്രമിക്കാൻ കഴിവുള്ളതുമായ ഒരു ഫൈബർ-ഒപ്റ്റിക് ക്വാഡ്കോപ്റ്റർ ഡ്രോൺ ആണ് ഈ ആയുധം.

വയർലെസ് സിഗ്നലുകളെ ആശ്രയിക്കുന്ന പരമ്പരാഗത ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഫൈബർ-ഒപ്റ്റിക് ഡ്രോൺ ഒരു ഫിസിക്കൽ കേബിൾ വഴിയാണ് അതിൻ്റെ ഓപ്പറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നത്. റേഡിയോ സിഗ്നലുകൾ ഇല്ലാത്തതുകൊണ്ടു തന്നെ ഇസ്രയേലിൻ്റെ ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇത് തടയുവാനോ ഭേദിക്കുവാനോ ഇതിൻ്റെ ഉറവിടം കണ്ടെത്തുവാനോ സാധിക്കുകയില്ല.

ഡ്രോണിനെ അതിൻ്റെ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കുന്ന കേബിളിന് ഏകദേശം 15 കിലോമീറ്റർ വരെ നീളമുണ്ടാകുമെന്ന് സിഎൻഎന്നിനോട് സംസാരിച്ച ഒരു ഇസ്രായേലി സൈനിക വൃത്തം പറഞ്ഞു. കേബിൾ വളരെ നേർത്തതും ഭാരം കുറഞ്ഞതുമായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. ഇത് ഓപ്പറേറ്റർക്ക് അപകടത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും ആക്രമണ ദൃശ്യം കൃത്യമായി കാണുന്നതിനും സഹായകമാകും.

ഞായറാഴ്ച, ഹിസ്ബുള്ള ഈ ഡ്രോണുകളിൽ ഒന്നിൻ്റെ പ്രവർത്തനം കാണിക്കുന്ന ഒരു വീഡിയോയും പുറത്തിറക്കി. വീഡിയോയിൽ ഡ്രോൺ ആക്രമണത്തിന് മുമ്പ് ആക്രമണത്തെ കുറിച്ച് സൈനികർക്ക് യാതൊരു മുന്നറിയിപ്പും കിട്ടിയിരുന്നില്ലെന്നും കാണാം. ആക്രമണത്തിൽ 19 കാരനായ സെർജൻ്റ് ഇഡാൻ ഫൂക്സ് കൊല്ലപ്പെട്ടതായും മറ്റ് നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവരെ ഒഴിപ്പിക്കാൻ ഒരു രക്ഷാ ഹെലികോപ്റ്റർ എത്തിയ സമയത്തും ഹിസ്ബുള്ള അതിനു നേരെയും കൂടുതൽ ഡ്രോണുകൾ വിക്ഷേപിച്ചു.

നിലവിൽ ഹിസ്ബുള്ള താവളങ്ങൾക്ക് സമീപമുള്ള ദക്ഷിണ ലെബനനിലെയും വടക്കൻ ഇസ്രയേലിലെയും സൈനികരെ ലക്ഷ്യമിട്ടാണ് ഹിസ്ബുള്ള ഈ ഡ്രോണുകൾ ഉപയോഗിക്കുന്നത്.ഹിസ്ബുള്ളയുടെ ഈ അദൃശ്യ ആക്രമണം ചെറുക്കാൻ പാടുപെടുകയാണ് ഇസ്രയേൽ. ഡ്രോണുകളെ തടയാൻ വലകളും മറ്റു പല തടസങ്ങളും തീർത്തുകൊണ്ടാണ് ഇസ്രയേൽ ആക്രമണത്തെ പ്രതിരോധിക്കാൻ നോക്കുന്നത്.

ഉക്രെയ്നിലാണ് റഷ്യ ആദ്യമായി ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ പരീക്ഷിച്ചത്. ഡ്രോണിൻ്റെ കേബിൾ ഓപ്പറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ബേസ് യൂണിറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് റഷ്യയാണ് ഈ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button