വൻ നഷ്ടം, അടിക്കടി ഓപ്പറേഷണൽ പിഴവുകൾ; എയർ ഇന്ത്യയെ ‘ശരിയാക്കാൻ’ സിംഗപ്പൂർ എയർലൈൻസ് ഇടപെടുന്നു

എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസ് തങ്ങളുടെ പ്രവർത്തന പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. വൻ നഷ്ടം, സമീപകാലത്തെ സുരക്ഷവീഴ്ചകൾ എന്നിവയാണ് സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ പ്രവർത്തന പങ്കാളിത്തം വർധിപ്പിക്കാൻ കാരണം. സിംഗപ്പൂർ എയർലൈൻസ് ഇതിനകം തന്നെ തങ്ങളുടെ ചില തൊഴിലാളികളെ എയർ ഇന്ത്യയിലേക്ക് മാറ്റിക്കഴിഞ്ഞു.
എയർ ഇന്ത്യയുടെ ഫ്‌ളൈറ്റ് ഓപ്പറേഷൻസ്, എന്‍ജിനീയറിങ് ആൻഡ് മെയിന്റനൻസ് വിഭാഗം എന്നിവയിലേക്കാണ് പ്രധാനമായും സിംഗപ്പൂർ എയർലൈൻസ് തങ്ങളുടെ തൊഴിലാളികളെ മാറ്റിയിരിക്കുന്നത്. മേല്പറഞ്ഞ വിഭാഗങ്ങളിലെല്ലാം സിംഗപ്പൂർ എയർലൈൻസിന് മികച്ച ട്രാക്ക് റെക്കോർഡ് ആണുള്ളത്. ആരെയൊക്കെയാണ് മാറ്റിയിരിക്കുന്നത്
എന്നത് സംബന്ധിച്ച് സിംഗപ്പൂർ എയർലൈൻസോ എയർ ഇന്ത്യയോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പ്രധാനമായും ഓപ്പറേഷണൽ മേഖലയിലാണ് സിംഗപ്പൂർ എയർലൈൻസ് പ്രവർത്തന പങ്കാളിത്തം വ്യാപിപ്പിക്കുന്നത്. കൊമേർഷ്യൽ, എച്ച് ആർ, ഫിനാൻസ്, ഐടി വിഭാഗങ്ങളെല്ലാം എയർ ഇന്ത്യ തന്നെയാണ് കൈകാര്യം ചെയ്യുക.അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും ശ്രദ്ധേയമായ ഇടപെടലാണ് ഇപ്പോൾ നടക്കുന്നത്. ഈ നീക്കത്തോടെ വെറും ഒരു ഓഹരി പങ്കാളിയിൽ നിന്ന് എയർ ഇന്ത്യയിൽ കൂടുതൽ സാന്നിധ്യമുള്ള കമ്പനിയായി സിംഗപ്പൂർ എയർലൈൻസ് മാറുകയാണ്. കഴിഞ്ഞ വർഷം മുതൽതന്നെ സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയുടെ എന്‍ജിനീയറിങ് വിഭാഗത്തിൽ പങ്കാളിത്തം വർധിപ്പിച്ചിരുന്നു. പിന്നാലെ എയർ ഇന്ത്യയിലെ മറ്റ് പ്രവർത്തനങ്ങളിലേക്കും കൈവച്ചിരുന്നു.
എയർ ഇന്ത്യയുടെ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന് പിന്തുണയുമായി തങ്ങൾ കൂടെത്തന്നെയുണ്ട് എന്നായിരുന്നു സിംഗപ്പൂർ എയർലൈൻസ് പ്രതിനിധിയുടെ പ്രതികരണം. ഇതിനോട് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലവൻ നഷ്ടത്തിലാണ് എയർ ഇന്ത്യ ഇപ്പോൾ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 240 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. ഇതിനിടെ അഹമ്മദാബാദ് അപകടം ഉണ്ടായി. നിരവധി ഡ്രീംലൈനർ വിമാനങ്ങളിൽ വീഴ്ചകൾ സ്ഥിരീകരിച്ചു. ഇതെല്ലാമായതോടെയാണ് സിംഗപ്പൂർ എയർലൈൻസ് ഇടപെട്ടത്.
എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരികളാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ മോശം പ്രകടനം ഈ ഓഹരികളിൽ നിന്നുള്ള സിംഗപ്പൂർ എയർലൈൻസിന്റെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ഡിസംബർ പാദത്തിൽ മാത്രം പ്രധാനമായും എയർ ഇന്ത്യയിൽ നിന്ന് കമ്പനിക്കുണ്ടായ നഷ്ടം 17.8 കോടി സിംഗപ്പൂർ ഡോളർ ആണെന്നാണ് സിംഗപ്പൂർ എയർലൈൻസ് പറയുന്നത്. എയർ ഇന്ത്യയ്ക്ക് എപ്പോൾ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് വ്യക്തതയില്ലാത്തതും സിംഗപ്പൂർ എയർലൈൻസിനെ ആശങ്കപ്പെടുത്തുന്നുണ്ട്..



