നേരിനൊപ്പം, പോരാട്ടങ്ങള്‍, നിലപാടുകള്‍’; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പുസ്തകവുമായി കെ സി വേണുഗോപാല്‍

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിയമസഭയിലെയും ലോക്സഭയിലെയും ശ്രദ്ധേയമായ പ്രസംഗങ്ങള്‍ പുസ്തകമാകുന്നു. ‘നേരിനൊപ്പം പോരാട്ടങ്ങള്‍ നിലപാടുകള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. വിവിധ കാലഘട്ടങ്ങളില്‍ കെ സി വേണുഗോപാല്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളുടെയും പോരാട്ടങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഈ സമാഹാരം. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.
ലോകപുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ വക ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒട്ടേറെ മനുഷ്യര്‍ക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതല്‍, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാര്‍ഥ്യങ്ങള്‍ തൊട്ട്, കര്‍ഷകരും മത്സ്യത്തൊഴിലാളികളും നഴ്സുമാരും വിദ്യാര്‍ത്ഥികളും തുടങ്ങി സര്‍വതല സ്പര്‍ശിയായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിര്‍മ്മാണ സഭകളില്‍ താന്‍ നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തില്‍ ഇറങ്ങുന്നതെന്നും കെ സി വിശദീകരിച്ചു. ഡിസി ബുക്സ് ആണ് പ്രസാധകര്.
കഴിഞ്ഞ ദിവസം മകള്‍ പാര്‍വതിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ കെ സി വേണുഗോപാല്‍ പ്രകാശനം ചെയ്തിരുന്നു. എ ഗേള്‍ സ്പീക്ക്സ് (A Girl Speaks) എന്നാണ് പുസ്തകത്തിന്റെ പേര്. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്കും സ്ത്രീകളുടെ അടിച്ചമര്ത്തലുകളിലേക്കുമാണ് പുസ്തകം വിരല്ചൂണ്ടുന്നതെന്നായിരുന്നു കവര്‍ പ്രകാശനം ചെയ്തുകൊണ്ട് കെ സി വേണുഗോപാല്‍ പറഞ്ഞത്. പാര്‍വതിയുടെ രണ്ടാമത്തെ പുസ്തകമാണ് എ ഗേള്‍ സ്പീക്ക്സ്. വിവിഡ് ഡ്രീംസ് ആണ് പാര്‍വതിയുടെ ആദ്യപുസ്തകം. ഇന്‍സൈറ്റ് പബ്ലിക്കയായിരുന്നു പ്രസാധകര്.




