Uncategorized

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരു ക്യാരവനിലാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് നടിയുടെ പരാതി. കസ്റ്റഡിയിലെടുത്ത ക്യാരവനുകൾ കൊച്ചി എആർ ക്യാമ്പിൽ എത്തിച്ചു. ഷൂട്ടിങ്ങിനിടെ കാരവാനിൽ വെച്ച് രഞ്ജിത്ത് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി.

അതേസമയം, യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ചതോടെ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗികാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐസിസി അംഗമായിരുന്നു സിയാദ്. ഐസിസി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി.ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button