Uncategorized

കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി, അപ്പീലുകൾ ശീലമാക്കരുത്; അനാവശ്യ അപ്പീലുകൾ നൽകുന്നതിൽ രൂക്ഷവിമർശനം

ന്യൂഡൽഹി: കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സർക്കാർ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയെന്ന് സുപ്രീം കോടതി. അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുന്ന കേന്ദ്രത്തിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് 25,000 രൂപ പിഴയും ചുമത്തി. സിഐഎസ്എഫ് കോൺസ്റ്റബിളിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഈ നടപടി.

ഒരു കോൺസ്റ്റബിളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. 11 ദിവസത്തെ അനധികൃത അവധി എടുത്തതിനും സഹപ്രവർത്തകന്‍റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണത്തിലുമാണ് പത്ത് വർഷത്തെ സർവീസുള്ള കോൺസ്റ്റബിളിനെ പിരിച്ചുവിട്ടത്. എന്നാൽ ഇതിൽ ഗുരുതരമായ വീഴ്ചയില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക് വലിച്ചിഴച്ചതിനെയാണ് ബെഞ്ച് വിമർശിച്ചത്.

കോടതികളിൽ കേസുകൾ കുമിഞ്ഞുകൂടാൻ പ്രധാന കാരണം സർക്കാരിന്‍റെ ഈ നിലപാടാണെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. ഒരു വശത്ത് കേസുകളുടെ ആധിക്യത്തെക്കുറിച്ച് പരാതിപ്പെടുകയും മറുവശത്ത് അനാവശ്യ വ്യവഹാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സർക്കാരിന്‍റെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. ഹൈക്കോടതി ഒരാൾക്ക് നീതി നൽകിയാൽ അത് അംഗീകരിക്കുന്നതിന് പകരം എന്തിനാണ് വീണ്ടും നിയമപോരാട്ടം തുടരുന്നത്? സർക്കാർ അഭിഭാഷകർ ഇത്തരം കാര്യങ്ങളിൽ ശരിയായ നിയമോപദേശം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.ഔദ്യോഗിക നടപടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഓഡിറ്റ് അല്ലെങ്കിൽ വിജിലൻസ് പരിശോധനകൾ ഭയന്ന് ഉദ്യോഗസ്ഥർ സുരക്ഷിത മാർഗ്ഗമായി അപ്പീലുകൾ തിരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അപ്പീലുകൾ നൽകുന്നത് ഒരു ശീലമായി മാറുന്നതിന് പകരം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നായി മാറണം. സർക്കാർ സംവിധാനത്തിനുള്ളിൽ തന്നെ ഇത്തരം ഹർജികൾ ഫിൽട്ടർ ചെയ്യാനുള്ള സംവിധാനം അടിയന്തരമായി ഉണ്ടാകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button