മധുരയിൽ ജ്വലറിയിൽ വൻ കവർച്ച; 500 പവൻ സ്വർണാഭരണങ്ങൾ കവർന്നു

ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വലറിയിൽ വൻ കവർച്ച. ഏകദേശം 500 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. തുറന്ന് 15 ദിവസങ്ങൾ മാത്രം പിന്നിട്ട പുതിയ ജ്വലറിയിലാണ് കവർച്ച നടന്നിരിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കന്നതേയുള്ളൂ.വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ പിൻവാതിലിലൂടെ ജ്വലറിക്കുള്ളിൽ പ്രവേശിച്ചാണ് ആഭരണങ്ങളുമായി കടന്നുകളഞ്ഞത്.
സംഭവത്തെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മധുര സിറ്റി പൊലിസ് മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
ജ്വലറിയിൽ സൂക്ഷിച്ചിരുന്ന മൊത്തം സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനത്തോളം മോഷണം പോയതായി മധുര സിറ്റി പൊലിസ് കമ്മിഷണർ രാജേന്ദ്രൻ സ്ഥിരീകരിച്ചു. കൃത്യമായ നഷ്ടത്തിന്റെ കണക്കുകൾ സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.




