കേരളത്തിൽ 35 ശതമാനത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് മന്ത്രി രമേശ് ചെന്നിത്തല; തൂഫാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണ

കോഴിക്കോട്: സംസ്ഥാനത്തെ ലഹരി വേട്ടയായ തൂഫാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രവുമായി യോജിച്ചു മുന്നോട്ട് പോകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.16-ാം തീയതി തൂഫാന്റെ രണ്ടാം ഘട്ടം ആരംഭിക്കും. ലഹരിക്ക് അടിമകളായവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടു വരികയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. കേരളത്തിൽ 35 ശതമാനത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞു. സംസ്ഥാനത്തെ സ്കൂൾ ബസുകളിൽ ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 57 ഡ്രൈവർമാർ മദ്യപിച്ചു എന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. തനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജുവനൈൽ ആക്ടിൽ മാറ്റം ആലോചിക്കുന്നുണ്ട്. ഈ ആക്റ്റിന്റെ മറവിൽ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. പ്രായപൂർത്തി ആകാത്തവർ വാഹനം ഓടിച്ച് നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നു. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കെതിരെ നടപടി എടുക്കും. എസ് പി മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സർക്കാരിന്റെ അനുമതിയില്ലാതെ ബാർ ലൈസൻസ് അനുവദിച്ചതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വരുമോ എന്ന ചോദ്യത്തിനോട് ആഭ്യന്തരമന്ത്രി പ്രതികരിച്ചില്ല.




