കാലടി സർവകലാശാലയിലെ പ്രതിഷേധം; നിരാഹാര സമരം തുടരുന്നവർക്ക് പിന്തുണയുമായി വിദ്യാർഥികൾ, എത്തിയത് കറുത്ത് ബാഡ്ജ് ധരിച്ച്

കാലടി സർവകലാശാലയിൽ നിരാഹാര സമരം തുടരുന്നവർക്ക് പിന്തുണയുമായി മറ്റ് വിദ്യാർഥികൾ രംഗത്ത്. ക്യാമ്പസിലേക്ക് കറുത്ത് ബാഡ്ജ് ധരിച്ചാണ് പി ജി വിദ്യാർഥികൾ പരീക്ഷയ്ക്കായി എത്തിയിരിക്കുന്നത്. നിരാഹാരം നടത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഐക്യദാർഢ്യമാണിത്. കാലടി സംസ്കൃത സർവകലാശാലയിൽ പി ഡി ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷ രാവിലെയാണ്.
അതേസമയം, കാലടി സർവകലാശാല വി സി സിസ തോമസിന്റെ വാദം പൊളിയുകയാണ്. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് മതിയായ ഹാജറില്ലെന്ന വി സി യുടെ കോടതിയിലെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിന് മുകളിൽ ഹാജർ രേഖപ്പെടുത്തിയെന്ന അറ്റൻഡൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. സസ്പെൻഷനിൽ തുടരുന്ന ശിവകുമാർ എം എസ് -97.56 ശതമാനം, അനഘ വി നായർ – 95.12 ശതമാനം, ജിഷ്ണു സുരേഷ് 100 ശതമാനം എന്നിങ്ങനെയാണ് ഹാജറുള്ളത്.എന്നാൽ വി സി കോടതിയിൽ കൊടുത്ത കണക്ക് ശിവകുമാർ എം എസിന് 64 ശതമാനവും അനഘ വി നായറിന് 62.67ശതമാനവും ജിഷ്ണു സുരേഷിന് 65.33 ശതമാനം എന്നിങ്ങനെയായിരുന്നു. വിദ്യാർത്ഥികളുടെ സസ്പെഷന് മുമ്പുള്ള ഹാജർ പരിഗണിക്കാതെയാണ്
കാലടി സർവകലാശാല വി സി ഹൈക്കോടതിയെ തെറ്റി ധരിപ്പിച്ചത്. സസ്പെൻഷൻ കാലാവധി ഒഴിവാക്കി ഹാജർ നില കണക്കാക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരിക്കുകയാണ്.




