Uncategorized

‘നേരിട്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാകില്ല, വൈഭവ് കാത്തിരിക്കണം’; തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുമ്പ് യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ടീമിലെത്തി ഉടൻ തന്നെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കുക എന്നത് വൈഭവിന് എളുപ്പമല്ലെന്നും, തന്‍റെ അവസരത്തിനായി വൈഭവ് കാത്തിരിക്കേണ്ടതുണ്ടെന്നും ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20ക്ക് മുമ്പ് ശ്രേയസ് അയ്യർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വൈഭവ് വളരെ ചെറുപ്പമാണ്, ഒരുപാട് വർഷങ്ങൾ അവന്‍റെ മുന്നിലുണ്ട്. ഇങ്ങനെയൊരു പ്രതിഭ ഡ്രസ്സിങ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കുക എന്നത് പ്രധാനമാണ്. നിലവിൽ അവൻ വന്ന ഉടൻ ഈ ടീമിലേക്ക് നേരിട്ട് കടന്നുവന്ന് കളിക്കാനാകില്ല. കാരണം നമ്മുടെ ഓപ്പണർമാർ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നവരും, ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നവരുമാണ്. വിദേശ പര്യടനങ്ങളിൽ ഒപ്പം വരുന്നത് വഴി ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് വൈഭവിന് കൃത്യമായ ധാരണ ലഭിക്കും. ഭാവിയിൽ ഈ സാഹചര്യങ്ങളിൽ കളിക്കാൻ ഇറങ്ങുമ്പോൾ അവൻ പൂർണ സജ്ജനായിരിക്കുമെന്നും ശ്രേയസ് പറഞ്ഞു.

ഓപ്പണിങ് സഖ്യമായ സഞ്ജു സാംസണിനും അഭിഷേക് ശർമയ്ക്കും മാനേജ്‌മെന്റ് പൂർണ്ണ പിന്തുണ നൽകുമെന്നും, വൈഭവിനെ ഘട്ടം ഘട്ടമായി മാത്രമേ ടീമിൽ പൂർണ്ണമായി ഉൾപ്പെടുത്തുകയുള്ളൂവെന്നും ശ്രേയസ് സൂചന നൽകി. ബാറ്റിങ് ഓർഡറിലെ മാറ്റങ്ങളെക്കുറിച്ചും അയ്യർ മനസ്സുതുറന്നു. ടീമിന്‍റെ സാഹചര്യത്തിനനുസരിച്ച് താരങ്ങൾ ഫ്ലെക്സിബിൾ ആകണമെന്ന് ശ്രേയസ് ചൂണ്ടിക്കാട്ടി.ടീമിന്‍റെയും സാഹചര്യങ്ങളുടെയും ആവശ്യാനുസരണം ഫ്ലെക്സിബിൾ ആയി ബാറ്റ് ചെയ്യാൻ കളിക്കാര്‍ തയ്യാറാകണം. ലഭിക്കുന്ന ബാറ്റിങ് നമ്പർ ഏതുമാകട്ടെ, അതിൽ തൃപ്തരാകേണ്ടതുണ്ട്. ഒരു കളിക്കാരൻ ഒരു പ്രത്യേക പൊസിഷനിൽ മാത്രമേ ബാറ്റ് ചെയ്യൂ എന്ന് വാശിപിടിക്കാനാകില്ല. കഴിഞ്ഞ ലോകകപ്പിൽ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുകയും നിലവിൽ ഒന്നാം നമ്പർ ബാറ്ററാകുകയും ചെയ്തിട്ടുണ്ട്. മുൻനിരയിൽ ബാറ്റ് ചെയ്യാൻ ഞാൻ നിർബന്ധം പിടിക്കാറില്ല, ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും ശ്രേയസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button