‘ജനീഷ് കുമാര്‍ അല്ല ആ ജനപ്രതിനിധി’; സഭയിലെ വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി

പത്തനംതിട്ട: നിയമസഭയില്‍ വന്യജീവി ശല്യം സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന വിവാദത്തില്‍ ഒടുവില്‍ മലക്കം മറിഞ്ഞ് വനംമന്ത്രി ഷിബു ബേബി ജോണ്‍. പരിവേഷ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് താന്‍ സഭയില്‍ നടത്തിയ പരാമര്‍ശം കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ ഉദ്ദേശിച്ചായിരുന്നില്ലെന്ന് വിശദീകരിച്ചാണ് മന്ത്രി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഗവിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രിയുടെ നാടകീയമായ തിരുത്ത്.
വന്യജീവി ആക്രമണം തടയാന്‍ എന്ന പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച രാത്രിയാത്ര നിരോധനം സംബന്ധിച്ചും, കര്‍ഷകരുടെ വേലി പൊളിച്ചു നീക്കുന്നത് സംബന്ധിച്ചുമുള്ള നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ആയിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ വിവാദ പരാമര്‍ശം. പരിവേഷ് പോര്‍ട്ടലിനെക്കുറിച്ച് ധാരണയില്ലാത്തവരെ കാര്യം ബോധ്യപ്പെടുത്തുന്നതിലും എളുപ്പം ‘ആനയെയും കഴുതയെയും കുരങ്ങനെയും’ പറഞ്ഞ് മനസ്സിലാക്കുന്നതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വനംമന്ത്രിക്കെതിരെ രൂക്ഷമായ ട്രോളുകളും, ഇടുക്കിയിലെ സിപിഐഎം നേതൃത്വത്തില്‍ നിന്ന് ശക്തമായ രാഷ്ട്രീയ പ്രതിഷേധവും ഉയര്‍ന്നു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മന്ത്രി നിലപാട് മാറ്റിയിരിക്കുന്നത്.താന്‍ സഭയില്‍ ഒരു വ്യക്തിയുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നും ‘ഒരു ജനപ്രതിനിധി ശ്രദ്ധയില്‍പ്പെടുത്തി’ എന്ന് മാത്രമാണ് പരാമര്‍ശിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ജനപ്രതിനിധി എന്ന് പറഞ്ഞാല്‍ അതില്‍ പഞ്ചായത്ത് മെമ്പറും ബ്ലോക്ക് മെമ്പറും എംഎല്‍എയും എംപിയും ഒക്കെ വരാമെന്നും, അത് ജനീഷ് കുമാറാണെന്ന തരത്തിലുള്ള വ്യാഖ്യാനം പിന്നീട് പാര്‍ട്ടിക്കാര്‍ തന്നെ ഇടുക്കിയില്‍ ചെന്ന് പറയുന്നത് കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍ തമ്മില്‍ സഭയില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണ്. താന്‍ അന്ന് നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളൊന്നും വ്യക്തിപരമായി പറഞ്ഞതല്ലെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.




