Uncategorized

കുവൈത്തിൽ ഡീസൽ കടത്തുകേസിൽ ഇന്ത്യക്കാരനും സ്വദേശി പൗരനും ഏഴ് വർഷം തടവ്; നാല് ഇന്ത്യക്കാർക്ക് ഒരു മാസം വീതം തടവുശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സബ്സിഡിയുള്ള ഡീസൽ വിദേശത്തേക്ക് അനധികൃതമായി കടത്തിയ കേസിൽ കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനും ഒരു ഇന്ത്യൻ പ്രവാസിക്കും ഏഴ് വർഷം വീതം തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കേസിൽ പ്രതികളായ മറ്റ് നാല് ഇന്ത്യക്കാർക്ക് ഒരു മാസം വീതം തടവും കോടതി വിധിച്ചു. അതേസമയം, കേസിൽ പ്രതികളായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ, ആഭ്യന്തര മന്ത്രാലയത്തിലെ സർജന്റ്, ഈജിപ്ഷ്യൻ മാർക്കറ്റിംഗ് മാനേജർ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.

ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി വ്യാജരേഖകൾ തയ്യാറാക്കി ഡീസൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചതാണ് കേസിന് ആധാരം. കയറ്റുമതിക്കായി തയ്യാറാക്കിയ പത്ത് കണ്ടെയ്നറുകളിൽ ഇരുമ്പാണെന്ന് കസ്റ്റംസ് രേഖകളിൽ കാണിച്ചിരുന്നെങ്കിലും പരിശോധനയിൽ പെട്രോളിയം ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. രണ്ട് വാണിജ്യ കമ്പനികളുടെ പേരിലുള്ള കസ്റ്റംസ് രേഖകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കുവൈത്തിലെ കബ്ദ് പ്രദേശത്ത് ഡീസൽ ശേഖരിച്ച് കണ്ടെയ്നറുകളിലും പ്രത്യേക ടാങ്കുകളിലും നിറച്ച് വിദേശത്തേക്ക് കടത്തുന്നതിനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ മൂന്ന് ഇന്ത്യക്കാരെ പിടികൂടിയിരുന്നു.

മുനിസിപ്പാലിറ്റി ജീവനക്കാരനായ പ്രധാന പ്രതി ഏകദേശം എട്ട് മാസമായി പ്രതിമാസം രണ്ട് തവണ വീതം ഡീസൽ കടത്തൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും കസ്റ്റംസ് അധികൃതരും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘടിത ഡീസൽ കടത്തൽ ശൃംഖല കണ്ടെത്തിയത്. കസ്റ്റംസ് രേഖകളിൽ കൃത്രിമം കാണിക്കൽ, സർക്കാർ സബ്സിഡിയുള്ള ഇന്ധനം അനധികൃതമായി വിദേശത്തേക്ക് കടത്തൽ, വിൽപ്പന നടത്തൽ തുടങ്ങിയ കുറ്റങ്ങളിലാണ് കോടതി ശിക്ഷ വിധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button