Uncategorized

കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. എടപ്പാള്‍ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ്(44) എന്ന ‘ഭണ്ഡാരം സജീഷി’നെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതി ക്ഷേത്രം, അങ്കക്കളരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ 12-ാം തീയതി പൂളാടിക്കുന്ന് കല്ലിടുക്കില്‍ ഭഗവതി ക്ഷേത്രം, മാട്ടുപ്പിലാവില്‍ ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ ആള്‍ തന്നെയാണ് ഇവിടെയും കവര്‍ച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നും മനസ്സിലായി. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മോഷണം നടത്തിയത് സജീഷാണെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ മോഷ്ടാവിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുകയും മൈസൂരിലേക്ക് കടന്നതായി മനസ്സിലാക്കിയ ക്രൈം സ്‌ക്വാഡ് വിവരം വയനാട് പോലീസിന് കൈമാറുകയുമായിരുന്നു. മോഷ്ടാവിനെ പിന്തുടര്‍ന്ന ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ഇയാളെ കണ്ടെത്തി തടഞ്ഞുവെച്ച് അറസ്റ്റ് രേഖപ്പെടുത്തി.

സജീഷിന്റെ പേരില്‍ തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം, പേരമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പാലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കല്‍ കോളേജ്, നല്ലളം, ചേവായൂര്‍, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണം നടത്തിയതിനും അമ്പലങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയതിനും പാലക്കാട് ജില്ലയിലെ കൂറ്റനാട് സബ് ട്രഷറി കുത്തി തുറന്നുള്ള മോഷണശ്രമത്തിനും വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണമാല മോഷണം നടത്തിയതിനും നിരവധി കേസുകള്‍ നിലവിലുണ്ട്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ജിതേഷ്, സബ് ഇന്‍സ്‌പെക്ടര്‍ നിമിന്‍ കെ. ദിവാകരന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍, സൈബര്‍ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുഹ്‌മാന്‍, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന്‍ വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, രാഗേഷ് ചൈതന്യം, ജിനേഷ് ചൂലൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ സജീഷിനെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button